പാലാ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ വിജയിച്ചതിനെത്തുടർന്ന് പ്രവർത്തകർ കിരീടമണിയിച്ചപ്പോൾ.
കോട്ടയം: ബിജെപി മത്സരിച്ച കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാര്‍, ചങ്ങനാശേരി, വൈക്കം നിയോജകമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സംസ്ഥാനത്തെ തന്നെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്നു വിലയിരുത്തിയ കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യന് 26,984 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 2021ല്‍ 29,157 വോട്ടുകള്‍ ഈ മണ്ഡലത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനം നേടിയിരുന്നു. മൂവായിരത്തിലധികം വോട്ടുകള്‍ ഇത്തവണ നഷ്ടമായി.
സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോര്‍ജാണ് പാലായില്‍ മത്സരിച്ചത്. അട്ടിമറിവിജയം നേടുമെന്ന് ബിജെപി വിലയിരുത്തിയ മണ്ഡലത്തില്‍ സംസ്ഥാന നേതാക്കള്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രചാരണം. 35,304 വോട്ടുകളാണ് ഷോണ്‍ ജോര്‍ജ് നേടിയത്. 2021ല്‍ ജെ. പ്രമീളാദേവി മത്സരിച്ചപ്പോള്‍ 10,869 വോട്ടുകളാണ് ബിജെപിക്ക് ഉണ്ടായത്. ഇത്തവണ 25,000ല്‍ അധികം വോട്ട് നേടാനായി.
2021ല്‍ സ്വതന്ത്രനായി രണ്ടാംസ്ഥാനത്തെത്തിയ ബിജെപി ദേശീയ കൗണ്‍സിലംഗവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജാണ് ഇത്തവണ പൂഞ്ഞാറില്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 36,172 വോട്ടുകള്‍ ബിജെപി നേടി. 2021ല്‍ കേരള ജനപക്ഷം സെക്കുലര്‍ എന്ന പാര്‍ട്ടിയുടെ ഭാഗമായി സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ 41,851 വോട്ടുകളാണ് നേടിയത്. അന്ന് എന്‍ഡിഎയില്‍ ബിഡിജെഎസ് മത്സരിച്ച ഇവിടെ 2,965 വോട്ടുകള്‍ നേടിയിരുന്നു. സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥിക്കു കിട്ടിയ രണ്ടായിരം വോട്ടും ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയായപ്പോള്‍ പി.സി. ജോര്‍ജിനെ പിന്തുണച്ചില്ല.
ചങ്ങനാശേരിയില്‍ ബി. രാധാകൃഷ്ണമേനോനാണു മത്സരിച്ചത്. 14,803 വോട്ടുകള്‍ മാത്രമാണ് ഇവിടെ നേടാനായത്. 14,491 വോട്ടുകളാണ് ജി. രാമന്നായര് 2021ല്‍ നേടിയത്. കണക്കനുസരിച്ച് 400ലധികം വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ ബി. രാധാകൃഷ്ണമേനോനിലൂടെ ബിജെപിക്ക് സാധിച്ചു.
സിപിഐ വിട്ടുവന്ന മുന്‍ എംഎല്‍എ കൂടിയായ കെ.അജിത്താണ് വൈക്കത്ത് മത്സരിച്ചത്. സിപിഐയിലെ സംഘടനാപ്രശ്നങ്ങളും മുന്‍ എംഎല്‍എയെന്ന ഖ്യാതിയും വോട്ടാകുമെന്ന വിലയിരുത്തലിലാണ് ബിഡിജെഎസ് മത്സരിച്ച സീറ്റ് അജിത്തിന് നല്‍കിയത്. 20,297 വോട്ടുകളാണ് അജിത്ത് നേടിയത്. 2021ല്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായിരുന്ന അജിതാ സാബു 11,953 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ പതിനായിരത്തിലധികം വോട്ടുകള്‍ കൂടി അധികം നേടാന്‍ അജിത്തിനായി.
Tags : BJP wins nattuvishesham local news