ആലപ്പുഴ: ദേശീയ സെന്‍സസ് 2027ന്റെ ഒന്നാംഘട്ടത്തിന് ജില്ലയില്‍ ഇന്നു തുടക്കമാകും. ആദ്യഘട്ടപ്രവര്ത്തനമായ വീടുകളുടെ പട്ടികപ്പെടുത്തലും വീടുകളുടെ സെൻസസും പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ എന്യുമറേറ്റര്മാര് വീടുകളിലെത്തും. 30 വരെയാണ് വീടുകളുടെ സെൻസസ് നടക്കുക. 3930 എന്യുമറേറ്റർമാർമാരാണ് ജില്ലയിലാകെ വിവരശേഖരണത്തിന് വീടുകളിലേക്ക് എത്തുന്നത്. 637 സൂപ്പർവൈസർമാരാണ് ഈ എന്യുമറേറ്റർമാരുടെ ഏകോപനച്ചുമതല നിർവഹിക്കുന്നത്.
ഒരു എന്യുമറേറ്റർക്ക് 200-250 വീടുകളുടെയും 800-1000 വ്യക്തികളുടെയും വിവരങ്ങളാണ് ശേഖരിക്കേണ്ടി വരുക. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഭരണപരവും സ്ഥിതിവിവരക്കണക്ക് ശേഖരണവുമായി ബന്ധപ്പെട്ടതുമായ സെൻസ് വിവരശേഖരണത്തിന്റെ വിജയത്തിന് എല്ലാവരുടെയും ആത്മാർഥമായ സഹകരണമുണ്ടാകണമെന്ന് ജില്ലയിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു.
സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എന്യുമറേറ്റര്മാരും സൂപ്പര്‍വൈസര്‍മാരും ചാര്‍ജ് ഓഫീസര്‍മാരില്‍നിന്ന് സെന്‍സസ് കിറ്റും അനുബന്ധ സാമഗ്രികളും കൈപ്പറ്റി ഇന്നുമുതല്‍ മൂന്നുവരെ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളില്‍ ഫീല്‍ഡ് സന്ദര്‍ശനവും പ്രാഥമിക പരിശോധനയും നടത്തിയ ശേഷമാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
സെൻസസിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കിന്റെയും മാപ്പുകൾ തയാറാക്കി പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ മാപ്പുകൾ ബന്ധപ്പെട്ട എന്യൂമറേറ്റർമാർക്ക് അവരുടെ മൊബൈൽ ആപ്ലിക്കേഷനിലും സൂപ്പർവൈസർമാർക്ക് അവരുടെ സൂപ്പർവൈസറി സർക്കിളിന്റെ മാപ്പായും ലഭ്യമാണ്. തുടർന്ന് എന്യുമറേറ്റർമാർ കെട്ടിടങ്ങളും വീടുകളും കണ്ടെത്തി അവയ്ക്ക് ആദ്യം നമ്പർ നൽകുകയും പിന്നീട് വീടുകൾ സന്ദർശിച്ച് മൊബൈൽ ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും.
വീടുകളിലെത്തുന്ന എന്യുമറേറ്റർമാർ ഭവനഘടന, സൗകര്യങ്ങൾ, ആസ്തി എന്നിവ ഉൾകൊള്ളുന്ന 34 ചോദ്യങ്ങൾക്കാണ് ഉത്തരം തേടുക. വീട്ടുനമ്പര്‍, വീടിന്റെ തറ, ഭിത്തി, മേല്‍ക്കൂര എന്നിവ നിര്‍മിക്കാന്‍ ഉപയോഗിച്ച സാമഗ്രികൾ, മുറികളുടെ എണ്ണം, കുടിവെള്ള സ്രോതസ്, എൽപിജി കണക്ഷൻ, ടിവി, ഇന്റർനെറ്റ്, സ്കൂട്ടർ, കാർ എന്നിവയൊക്കെ സംബന്ധിച്ച ചോദ്യങ്ങൾ ചോ്യാവലിയിലുണ്ട്. പൂർണമായും ഡിജിറ്റൽ രീതിയിൽ നടത്തുന്ന സെൻസസിന്റെ ഭാഗമായി ശേഖരിച്ച എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും.
വീട്ടിലെ ഏതെങ്കിലും അംഗം സെൽഫ് എന്യുമേറേഷൻ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ ഭവനസന്ദർശനത്തിന് എന്യൂമറേറ്റർ എത്തുമ്പോൾ സെൽഫ് എന്യുമേറേഷൻ ഐഡി (എസ്ഇഐഡി) നിർബന്ധമായും കൈമാറണം. അല്ലാത്തപക്ഷം വിവരങ്ങളുടെ ഡ്യൂപ്ലിക്കേഷന്‍ ഇടയാക്കുമെന്ന് സെൻസസ് വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. സെൽഫ് എന്യുമറേഷൻ ഐഡി എന്യുമറേറ്റർ പരിശോധിച്ച് വിവരങ്ങളിൽ തിരുത്ത് ആവശ്യമെങ്കിൽ അവ വരുത്തിയശേഷം സ്ഥിരീകരിച്ച് സമർപ്പിക്കുന്നതോടെയാണ് വിവരശേഖരണം പൂർത്തിയാകുന്നത്.
ജില്ലയിൽ ഇതുവരെ 64,220 പേർ സെൽഫ് എന്യൂമറേഷൻ ആരംഭിച്ചിട്ടുണ്ട്. ഇവരിൽ 59013 പേർ സെല്‍ഫ് എന്യുമറേഷൻ പൂർത്തീകരിച്ചു. 5207 പേരുടെ സെൽഫ് എന്യൂമറേഷൻ നടപടികൾ പുരോഗമിക്കുകയാണ്.
വില്ലേജ് ഓഫീസുകൾ സഹായം നൽകണം: ജില്ലാ കളക്ടർ
ദേശീയ സെൻസസിന്റെ ഭാഗമായി വിവരശേഖരണത്തിന് എത്തുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകൾ ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ നിർദേശിച്ചു. ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ അതിർത്തികൾ, പ്രധാന ലാൻഡ്മാർക്കുകൾ, പ്രാദേശിക വിവരങ്ങൾ എന്നിവ വ്യക്തമായി വിശദീകരിച്ച് ഫീൽഡ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ആവശ്യമായ പിന്തുണ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഉറപ്പാക്കണം.
ഇതിനായി ഓരോ വില്ലേജ് ഓഫീസിലും സെൻസസ് പ്രവർത്തനങ്ങളെയും പ്രദേശപരിധികളെയും കുറിച്ച് വ്യക്തമായ അറിവുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ച്, ആവശ്യമായ സമയങ്ങളിൽ സെൻസസ് ഉദ്യോഗസ്ഥർക്ക് കാലതാമസം കൂടാതെ സഹായം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
കൂടാതെ സെൻസസ് ചുമതലകൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ സേവനം തടസപ്പെടുത്തുകയോ അവരെ സെൻസസ് ജോലികൾക്കായി വിടാതിരിക്കുകയോ, ഏതെങ്കിലും വിധത്തിൽ സെൻസസ് പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കെതിരേ സെൻസസ് ആക്ട് 1948ലെയും അതിനുകീഴിൽ നിലവിലുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും എല്ലാ വകുപ്പ്-ഓഫീസ് മേധാവികൾക്കും നൽകിയ നിർദേശത്തിൽ ജില്ലാ കളക്ടർ അറിയിച്ചു.
Tags : Nattuvishesham Districte News