കുറിഞ്ഞി കാണാന്‍ ചൊക്രമുടിമല കയറാന്‍ കാത്തുനില്ക്കുന്ന സഞ്ചാരികൾ.
മൂന്നാര്‍: നീലക്കുറിഞ്ഞി പൂത്തത് കാണാൻ സഞ്ചാരികളുടെ തിരക്ക് അനിയന്ത്രിതമായതോടെ മൂന്നാര്‍ ചൊക്രമുടി മലയിലേക്കുള്ള പ്രവേശനം വനംവകുപ്പ് താത്കാലികമായി നിര്‍ത്തി. മലയിലേക്ക് കയറുന്ന ഇടുങ്ങിയ ഭാഗങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തി എന്ന ബോർഡ് സ്ഥാപിച്ച് ഇക്കോ സെന്റര്‍ താത്കാലികമായി അടച്ചത്. തിരക്കു കൂടിയാല്‍ മലഞ്ചെരുവില്‍ അപകടസാധ്യത കൂടുമെന്നത് പരിഗണിച്ചാണ് തീരുമാനം.
തിരക്കേറിയതോടെ മൂന്നാറിലെ പ്രധാന പാതകളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളമാണ് സഞ്ചാരികള്‍ വഴിയിൽ കുടുങ്ങിയത്. മാട്ടുപ്പെട്ടി, കൊരണ്ടക്കാട്, ദേവികുളം ഗ്യാപ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടൂതല്‍ ഗതാഗത തടസമുണ്ടായത്. ഇവിടങ്ങളിലാണ് നിലവില്‍ ഏറ്റവുമധികം കുറിഞ്ഞി പൂത്തിരിക്കുന്നത്.
കൊരണ്ടക്കാടില്‍ കെഡിഎച്ച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൂത്ത നീലക്കുറിഞ്ഞി കാണാന്‍ വിവിധ ജില്ലകളില്‍നിന്നായി 12 കെഎസ്ആര്‍ടിസി ഉല്ലാസയാത്രാ ബസുകളാണ് യാത്രക്കാരുമായി കഴിഞ്ഞ ദിവസം എത്തിയത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള സഞ്ചാരികളുമെത്തുന്നുണ്ട്.
മുന്നൊരുക്കങ്ങൾ ഇല്ല
സന്ദർശക തിരക്കുണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കിയിട്ടും മുന്നൊരുക്കങ്ങൾ ഒന്നും അധികൃതർ സ്വീകരിച്ചിരുന്നില്ല. ട്രാഫിക് ഉപദേശകസമിതി തീരുമാനങ്ങള്‍ നടപ്പിലാക്കാത്തതും സ്ഥിതി വഷളാക്കി.
ജൂണ്‍ 10ന് എംഎല്‍എ, സബ് കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി 11 ഇന തീരുമാനമെടുത്തത്. പിന്നീട് സര്‍വകക്ഷിയോഗം ചേര്‍ന്ന് ഇവ നടപ്പാക്കുന്നതിന് സമ്മതവും നൽകിയിരുന്നു. ഇതില്‍ രണ്ട് തീരുമാനങ്ങള്‍ മാത്രമാണ് ഭാഗികമായി നടപ്പായത്.
ദേശീയപാതയിലെ കുറച്ച് വഴിയോരക്കടകള്‍ പൊളിച്ചുനീക്കുകയും പഴയ മൂന്നാറിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ബൈപാസ് റോഡ് വഴി വണ്‍വേ സംവിധാന ഏര്‍പ്പെടുത്തുകയും മാത്രമാണ് ചെയ്തത്. തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന മൂന്നാർ, മാട്ടുപ്പെട്ടി, ദേവികുളം ഭാഗങ്ങളില്‍ പ്രധാന റോഡുകളില്‍ ഒരു വശത്തു മാത്രമായി വാഹന പാര്‍ക്കിംഗ് അനുവദിക്കണമെന്ന തീരുമാനം ഇതുവരെ നടപ്പായില്ല.
പഴയ മൂന്നാര്‍ ഡിപ്പോയുടെ മുന്‍ഭാഗത്ത് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തിയിടുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനവും നടപ്പിലായില്ല. ഓട്ടോറിക്ഷകളുടെ എണ്ണം നിജപ്പെടത്താനുള്ള നീക്കവും ഫലവത്തായില്ല. മൂന്നാര്‍ ടൗണില്‍ ഒരു നിരയായി മാത്രം ഓട്ടോറിക്ഷകള്‍ പാര്‍ക്കുചെയ്യാനുള്ള തീരുമാനവും നടപ്പായില്ല. രാജമല അഞ്ചാംമൈലില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കാനും സാധിച്ചിട്ടില്ല.
Tags : Chokramudi NattuVishasham DistrictNews