മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനിൽ അർജന്റീന ആരാധകർ ഫ്ലക്സ് ഉയർത്തുന്നു.
തലയോലപ്പറമ്പ്: ലോകകപ്പ് ഫുട്ബോളിന് ദിവസങ്ങൾമാത്രംശേഷിക്കേ നഗരവും നാട്ടിൻപുറങ്ങളും ഫുട്ബോൾ ലഹരിയിൽ മുങ്ങുന്നു. കളിമുറ്റങ്ങളിലും ചായക്കടകളിലും ഫുട്ബോൾ കളിയേയും താരങ്ങളേയും കുറിച്ചുള്ള ചർച്ചകൾ നിറയുകയാണ്. ലാറ്റിനമേരിക്കൻ ടീമുകളായ ബ്രസീൽ, അർജന്റീന ടീമുകളെ നെഞ്ചിലേറ്റുന്നവരാണ് ആരാധകരിലധികവും. നാട്ടിൻപുറങ്ങളിലെ കവലകൾ മഞ്ഞ-നീലവർണപ്പകിട്ടിലായി. ആരാധകർ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ കൂറ്റൻ ഫ്ലെക്സുകളും കട്ടൗട്ടുകളും പ്രധാന കേന്ദ്രങ്ങളിൽ ഉയർത്തിക്കഴിഞ്ഞു.
മറവൻതുരുത്ത്, ചുങ്കം, ചെമ്മനാകരി, അക്കരപ്പാടം, തലയോലപ്പറമ്പ്, വെട്ടിക്കാട്ട്മുക്ക്, വടയാർ തുടങ്ങിയ സ്ഥലങ്ങളിൽ ഫുട്ബോൾ ആരാധകർ ലോകകപ്പിനെ വരവേൽക്കാൻ വിവിധ പരിപാടികളാണ് ഒരുക്കുന്നത്. ഫ്രാൻസ്, ബ്രസീൽ, ജർമനി, പോർച്ചുഗൽ, അർജന്റീന ടീമുകളുടെ കട്ടൗട്ടുകളും ഫ്ലെക്സുകളും പലയിടത്തും നിറയുമ്പോഴും ആരാധകർ അധികവും അർജന്റീനയ്ക്കും ബ്രസീലിനുമായാണ് ആരവം മുഴക്കുന്നത്. വെള്ളൂർ ഇറുമ്പയത്ത് ബ്രസീൽ ഫാൻസ് ഇന്നലെ ലോകകപ്പിന്റെ വരവ് അറിയിച്ച് വാഹന റാലി നടത്തി.
നൂറോളം വരുന്ന ആരാധകർ പങ്കെടുത്തു. വെള്ളൂർ ഇറുമ്പയത്തുനിന്ന് ആരംഭിച്ച വാഹന റാലി പെരുവ, തലയോലപ്പറമ്പ്, അരയൻകാവ് ചുറ്റി ഇറുമ്പയത്ത് സമാപിച്ചു. തുടർന്ന് ആഹ്ലാദം പങ്കിടാൻ ആരാധകർ 1000ത്തോളം പേർക്ക് പായസവിതരണവും നടത്തി. റൊമാരിയോ, പി.എസ്. വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
തലയോലപ്പറമ്പ് മാർക്കറ്റിനു സമീപം അർജന്റീന, ബ്രസിൽ, പോർച്ചുഗൽ ആരാധകർ ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചു. എൻ.എസ്. നിയാസ് ക്യാപ്റ്റനായ അർജന്റീന ആരാധകരുടെ ബസാർ ക്ലബ്, അമലേന്ദു ദാസ് നയിക്കുന്ന ബ്രസീൽ ആരാധകരുടെ സാംബ ക്ലബ്, ഫത്തഹ് നേതൃത്വം നൽകുന്ന പോർച്ചുഗൽ ആരാധകരുടെ ടൗൺ ക്ലബ് എന്നിവ ചേർന്നാണ് തലയോലപ്പറമ്പിൽ ഫുട്ബോൾ ആവേശം നിറയ്ക്കുന്നത്. 11 മുതൽ വലിയ സ്ക്രീനിൽ കളി പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പിലാണിവർ.
Tags : Local News Nattuvishesham Kottayam