അമ്പലപ്പുഴ: ദേശീയപാതയിൽ പറവൂർ അടിപ്പാത പാലത്തിലും അപ്രോച്ച് റോഡുകളിലും വിള്ളല്‍. ഒരാഴ്ച മുമ്പുവരെ യാത്രയ്ക്കായി തുറന്നുകൊടുത്തിരുന്നതാണ്. ഇതിനിടെയാണ് പാലത്തിലും ഇരുവശങ്ങളിലെ അപ്രോച്ചിലും വിള്ളല്‍ കണ്ടത്. തുടര്‍ന്ന് ദേശീയപാത വിഭാഗം ഗതാഗതം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ദേശീയപാതയുടെ നിർമാണ ആരംഭത്തിൽ അമ്പലപ്പുഴ മണ്ഡലത്തിൽ ആദ്യത്തെ അടിപ്പാത നിർമാണം പൂർത്തിയാക്കിയ സ്ഥലമാണിത്. പാലത്തിന്റെ തെക്കുഭാഗത്ത് നൂറു മീറ്ററോളം നീളത്തിലും ആറിഞ്ചോളം വീതിയിലും വടക്കുഭാഗത്ത് 50 മീറ്ററോളം നീളത്തിലും ആറിഞ്ച് വീതിയിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്.
തെക്കുഭാഗത്ത് ടാര്‍ ഉപയോഗിച്ച് അടച്ചെങ്കിലും വീണ്ടും വിള്ളല്‍ രൂപപ്പെട്ടതോടെ കോണ്‍ക്രീറ്റ് മിശ്രിതം തേച്ചുപിടിപ്പിച്ചിരിക്കുകയാണ്. വടക്കുഭാഗത്തെ വിള്ളല്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ എംസാന്റിട്ട് മൂടിയ നിലയിലാണ്. നിർമാണം പൂർത്തിയായതോടെ മാസങ്ങൾക്കു മുമ്പ് പാലത്തിനു മുകളിലൂടെ അധികൃതർ വാഹന ഗതാഗതം അനുവദിച്ചിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾക്കു ശേഷം ഗതാഗതം നിരോധിച്ച് സർവീസ് റോഡിലൂടെ പഴയതുപോലെ ഗതാഗതം തുടരുകയായിരുന്നു.
പാർശ്വഭിത്തികളിൽ ഉണ്ടായ ബലക്ഷയമോ നിർമാണത്തിലെ അപാകതയോ ആണ് വിള്ളലുണ്ടാകാൻ കാരണമെന്നാണ് പറയുന്നത്. ഇരുഭാഗത്തെയും വിള്ളലിന്റെ വ്യാസം വർധിച്ചുവരികയാണെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധപ്പെട്ടവർ അടിയന്തര പരിശോധന നടത്തി ഇവിടെ മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്. ഒരു വര്‍ഷം മുമ്പ് മലപ്പുറം വേങ്ങരയില്‍ നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞുവീണിരുന്നു. ഇത്തരത്തിലൊരു അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം.