പാലക്കാട്: ജില്ലയിലെ മന്ത്രിക്കും കോൺഗ്രസ് എംഎൽഎമാർക്കും സ്വീകരണമൊരുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി. മന്ത്രി കെ.എ. തുളസി, എംഎൽഎമാരായ സുമേഷ് അച്യുതൻ, രമ്യ ഹരിദാസ് എന്നിവർക്കാണ് സ്വീകരണം നൽകിയത്.
ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാരിൽ ജനങ്ങൾ വലിയ പ്രതീക്ഷയാണ് വച്ചുപുലർത്തുന്നതെന്നു അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പ്രകടനപത്രിയിൽ വാഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും നടപ്പാക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ധവളപത്രം ഇടതുസർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും വ്യക്തമാക്കുന്നതെന്നും കൊടുക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ഒറ്റത്തവണയാക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമം നടത്തുന്നത്. ഏതു തെരഞ്ഞെടുപ്പിനെയും നേരിടാൻ കോൺഗ്രസും യുഡിഎഫും എപ്പോഴും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് അർഹതപ്പെട്ടതെല്ലാം ചോദിച്ചുവാങ്ങാൻ സർക്കാരും എംപിമാരും ഒറ്റക്കെട്ടായി രംഗത്തുണ്ടാകുമെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷനായിരുന്നു. മന്ത്രി കെ.എ. തുളസി, എംഎൽഎമാരായ സുമേഷ് അച്യുതൻ, രമ്യ ഹരിദാസ്, കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യുഡിഎഫ് ജില്ലാ കൺവീനർ പി. ബാലഗോപാൽ, കെപിസിസി സെക്രട്ടറിമാരായ പി.വി. രാജേഷ്, പി. ഹരിഗോവിന്ദൻ മാസ്റ്റർ, ഡിസിസി സെക്രട്ടറി പി.എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham District Congress Committee hosts