ജില്ലാക്കോടതി പാലം നിർമാണം നടക്കുന്നു.
ആലപ്പുഴ: ജില്ലാക്കോടതിപ്പാലത്തിന്റെ നിര്‍മാണം കുറച്ചൊന്നുമല്ല നഗരത്തെ ബുദ്ധിമുട്ടിക്കുന്നത്. പുനര്‍നിര്‍മാണം ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നത്. പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ ഗതാഗത പരിഷ്കരണം ഫലപ്രാപ്തിയിലെത്തിയില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. വാഹനങ്ങള്‍ നഗരചത്വരത്തിലൂടെ വഴിതിരിച്ചുവിട്ടെങ്കിലും ഒരിടത്തും വഴിവിളക്കുകള്‍ കത്തുന്നില്ല.
പലയിടത്തും വഴിവിളക്കുകള്‍ പോലുമില്ല. റോഡ് സൈഡിലെ കടകള്‍ അടച്ചാല്‍ മിക്ക ഇടവഴികളും ഇരുട്ടിലാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കാല്‍നടയാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും ആരും ചിന്തിക്കുന്നില്ല. മിനി സിവില്‍ സ്റ്റേഷന് പരിസരത്തുകൂടി എസ്ഡിവി സ്കൂളിലേക്കുപോകാന്‍ ഉപയോഗിക്കുന്ന നഗരചത്വരത്തിനുള്ളില്‍ പ്രധാന കവാടത്തിനടുത്ത് ഉയരവിളക്കുണ്ടെന്നതൊഴിച്ചാല് മറ്റ് തെരുവുവിളക്കുകളൊന്നും കത്തുന്നില്ല.
നഗരചത്വരത്തിന്റെ പ്രധാന കവാടത്തിനു പുറത്തുള്ള വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ ഉണ്ടെങ്കിലും മിക്ക ദിവസങ്ങലിലും കത്താറില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
വാഹനങ്ങളുടെ തിരക്കുകാരണം ചത്വരത്തിനുള്ളിലൂടെയുള്ള യാത്ര കാല്‍നടയാത്രക്കാര്‍ കഴിവതും ഒഴിവാക്കുകയാണ്. ചത്വരത്തിനു മുന്‍വശത്തെ കെട്ടിടത്തിന്റെ വരാന്തയാണവര് നടക്കാന്‍ തെരഞ്ഞെടുക്കുന്നത്. ഈ വഴിയിലൂടെയും രാത്രിയില്‍ സഞ്ചിരിക്കാനാവില്ല.
ഒരുവശത്ത് ഉയരവിളക്കുള്ളതിനാല് പ്രകാശമുണ്ടെങ്കിലും ബാക്കിയിടങ്ങള്‍ കനത്ത ഇരുട്ടില്‍ത്തന്നെയാണ്. ഏകദേശം എട്ടരയോടെ നഗരത്തിലെ കടകള്‍ അടയ്ക്കും അതു കഴിഞ്ഞാല്‍ കാല്‍നടയാത്രക്കാര്‍ കൂരിരുട്ടാലാണ്. മഴകൂടി പെയ്താല്‍ പിന്നത്തെ കാര്യം പറയാനുമില്ല. ഇതിനു പുറമേ പാലം നിര്‍മാണത്തിനായി കെട്ടിടത്തോടുചേര്‍ന്ന് കുഴിയെടുത്തു. എന്നാല്‍, കുഴിയോടുചേര്ന്ന് ചില ഭാഗത്ത് ബാരിക്കേഡ് പോലും സ്ഥാപിച്ചിട്ടില്ല.
ഒരാള്‍ക്കു മാത്രം നടക്കാന്‍ പറ്റുന്ന പാതയിലൂടെയാണ് സ്കൂള്ക്കുട്ടികളുള്പ്പെടെ നടക്കുന്നത്.
നഗരചത്വരത്തിനുള്ളിലെ പാതകളെല്ലാം ശോച്യാവസ്ഥയിലാണ്. പലഭാഗത്തും ടൈല്‍സ് ഇളകി. മിനിസിവില്‍ സ്റ്റേഷന്റെ ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടു. ഹെവി വാഹനങ്ങള്‍ ഇതുവഴി പോകരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും ലോറിയുള്‍പ്പെടെ പോകുന്നുണ്ട്. ഇതോടെ വഴി പിന്നെയും തകര്‍ന്നിരിക്കുകയാണ്.
Tags : District Court Bridge nattuvisesham local news