കോട്ടയം: പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്ത്രീകള്‍ക്കു സൗജന്യ യാത്രയ്ക്കായി ഓര്‍ഡിനറി ബസുകള്‍ സജ്ജമായി. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി. ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴു വിഭാഗങ്ങളിലാണ് സൗജന്യയാത്ര ആനുകൂല്യം ലഭിക്കുന്നത്. സൗജന്യ യാത്രാപദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സൗജന്യ യാത്രയുടെ ആദ്യബസ് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും രാവിലെ 8.40നു പുറപ്പെട്ടു കുമരകം വഴി ചേര്‍ത്തലയില്‍ എത്തിച്ചേരും. ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും രാവിലെ 8.30നു ശേഷമായിരിക്കും സൗജന്യയാത്രാപദ്ധതി ആരംഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ബസുകളില്‍ പ്രിയദര്‍ശിനി സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. ബസുകളുടെ ഗ്ലാസുകളിലും രണ്ടു ഡോറുകളിലുമാണ് സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. ചില ബസുകളില്‍ സ്റ്റിക്കര്‍ ലഭ്യമല്ലാത്തതിനാല്‍ പതിക്കാനായിട്ടില്ല. വരും ദിവസങ്ങളില്‍ ഈ ബസുകളിലും സ്റ്റിക്കര്‍ പതിക്കും.
ജില്ലയിലെ ഏഴു ഡിപ്പോകളിലായി 162 ബസുകളാണ് സര്‍വീസ് നടത്താന്‍ റെഡിയാക്കിയിരിക്കുന്നത്. ഒരു ദിവസം ഒന്നരലക്ഷത്തോളം യാത്രക്കാരാണ് ജില്ലയിലുടനീളം കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്നത്. ഇവരില്‍ 60 ശതമാനത്തോളം സ്ത്രീകളാണ്. ഇവര്‍ക്കു ഓര്‍ഡിനറി ബസുകളെ ആശ്രയിച്ചാല്‍ സൗജന്യയാത്രയുടെ ഗുണം ലഭിക്കും. 162 ബസുകള്‍ വിവിധ ഡിപ്പോകളിലായി 332 സര്‍വീസുകളാണ് ദിവസവും പൂര്‍ത്തിയാക്കുന്നത്.
ഏറ്റവും കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നതു വൈക്കത്താണ്. കുറവ് ബസുകള്‍ പാലാ, എരുമേലി ഡിപ്പോകളിലാണ്. വൈക്കം-34, കോട്ടയം-22, പൊന്‍കുന്നം, ചങ്ങനാശേരി-21, ഈരാറ്റുപേട്ട-18, പാലാ, എരുമേലി-13 എന്നിങ്ങനെയാണു വിവിധ ഡിപ്പോകളിലെ ബസുകളുടെ എണ്ണം.
സ്ത്രീ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍
ബസില്‍ കയറിയാല്‍ പണം നല്‍കേണ്ടെങ്കിലും സീറോ ടിക്കറ്റ് എടുക്കണം.
ടിക്കറ്റില്ലാതെയുള്ള യാത്ര കുറ്റകരമാണ്. 500 രൂപ പിഴ ലഭിക്കാം.സ്ത്രീകള്‍ക്കൊപ്പം അഞ്ചിനും- 11നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കണം. അതിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ ഫുള്‍ ടിക്കറ്റും എടുക്കണം.
ടിക്കറ്റ് ചാര്‍ജ് നല്കേണ്ടന്നതൊഴിച്ചാല് സ്റ്റോപ്പ്, സംവരണ സീറ്റുകള്‍ തുടങ്ങിയ മറ്റു നിയമങ്ങളെല്ലാം സ്ത്രീകള്‍ക്കു പഴയതുപോലെ തന്നെയാണ്.
ജില്ലാതല ഉദ്ഘാടനം കോട്ടയത്ത്
കോട്ടയം: പ്രിയദര്‍ശിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ ഒന്പതിനു കെഎസ്ആര്‍ടിസി ഡിപ്പോ അങ്കണത്തില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇതോടനുബന്ധിച്ചു ജില്ലയിലെ മറ്റ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ നടക്കും. കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം രാവിലെ 8.30ന് കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും. തുടര്‍ന്ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മന്ത്രി ബസ് ഫ്ളാഗ് ഓഫ് ചെയ്യും.
ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രാവിലെ ഒന്‍പതിന് നാട്ടകം സുരേഷ് എംഎല്‍എയും പുതുപ്പള്ളിയില്‍ രാവിലെ ഒന്‍പതിന് പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിനു സമീപം ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പൊന്‍കുന്നം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലാണ്. പ്രഫ. റോണി കെ. ബേബി എംഎല്‍എ ബസ് ഫ്ളാഗ് ഓഫ് ചെയ്യും.
ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ മന്ത്രി റോജി എം. ജോണും പൂഞ്ഞാര്‍ മണ്ഡലത്തിലെ ഉദ്ഘാടനം 8.30ന് എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എയും നിര്‍വഹിക്കും. വൈക്കം മണ്ഡലത്തിലെ ഉദ്ഘാടനം രാവിലെ 8.30ന് വൈക്കം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കെ. ബിനിമോന് എംഎല്‍എ നിര്‍വഹിക്കും.
Tags : Double bell Priyadarshini scheme