മന്ത്രി അനൂപ് ജേക്കബ്
പിറവം: രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമായി കൊച്ചി- തേനി ദേശീയപാതയില്‍ കരിങ്ങാച്ചിറ മുതല്‍ തിരുവാങ്കുളം വരെയുള്ള റോഡ് 14 മീറ്റര്‍ വീതിയില്‍ നവീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്.
തിരുവാങ്കുളം ജംഗ്ഷനില്‍ ഫ്രീ ലെഫ്റ്റ് സൗകര്യം വരുന്നതോടെ മൂവാറ്റുപുഴ ഭാഗത്തേക്ക് ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാനാകും. തിരുവാങ്കുളം ജംഗ്ഷനില്‍ 20 മീറ്റര്‍ വീതിയില്‍ റൗണ്ടാന (റൗണ്ട് എബൗട്ട്) നിര്‍മിച്ച് നാലുഭാഗത്തേക്കും ഗതാഗതം സുഗമമാക്കാനും സിഗ്നലുകളുടെ ആവശ്യമില്ലാതെ തന്നെ വാഹനം തിരിച്ചുവിടാനും കഴിയുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം ചിത്രപ്പുഴ- മാമല ബണ്ട് റോഡിന്റെ നിര്‍മാണത്തിനുള്ള നടപടികളും ആരംഭിക്കും.
തിരുവാങ്കുളം ജംഗ്ഷന് നവീകരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇന്നലെ സ്ഥലനിര്‍ണയ പരിശോധന നടത്തി. കഴിഞ്ഞദിവസം സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അനൂപ് ജേക്കബ് വിളിച്ചുചേര്‍ത്ത യോഗത്തിലാണു സ്ഥലപരിശോധന സര്‍വേ നടത്താന്‍ കളക്ടറെ ചുമതലപ്പെടുത്തിയത്.
സര്‍വേ റിപ്പോര്‍ട്ട് തയാറായാലുടന്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും. തിരുവാങ്കുളം മുതല്‍ വയലില്‍പാടം റോഡുവരെ വാട്ടര്‍ അഥോറിറ്റി പൈപ്പ് ലൈനിനായി പ്രത്യേക ചാനല്‍ (ഡക്ട്) തയാറാക്കി കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്നും ദേശീയപാതാ അഥോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃപ്പൂണിത്തറ നഗരസഭാ ചെയര്‍പേഴ്സൺ പി.എല്‍. ബാബു, കൗണ്‍സിലര്‍മാരായ സി.എ. ഷാജി, കെ.ആര്. സുകുമാരന്‍, ജിന്‍സി റോയ്, രോഹിണി കൃഷ്ണകുമാര്‍, മഞ്ജു ബിനു, മുന്‍ കൗണ്‍സിലര്‍ റോയ് തിരുവാങ്കുളം, ഹെഡ് സര്‍വേയര്‍ പവിത്രന്, വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയര്‍, അസിസ്റ്റന്റ് എൻജിനിയര്‍, മുനിസിപ്പല്‍ എൻജിനിയര്‍ തുടങ്ങിയവര്‍ സര്‍വേ നടപടികളില്‍ പങ്കെടുത്തു.
Tags : road renovated NattuVishasham DistrictNews