ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് കളിത്തട്ടുംപാറയിൽ ഓട്ടോ തൊഴിലാളി വന്യജീവിയെ കണ്ടു. വാണിയപ്പാറ ടൗണിലെ ഓട്ടോ തൊഴിലാളിയായ വിജിൽ മാണിയാട്ടാണ് കടുവയെന്ന് സംശയിക്കുന്ന വന്യമൃഗത്തെ കണ്ടതായി പറയുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ശേഷം കളിത്തട്ടുംപാറയിൽ ട്രിപ്പ് പോയി യാത്രക്കാരെ ഇറക്കി വാണിയപ്പാറയ്ക്ക് തിരികെ വരുമ്പോഴായിരുന്നു വന്യജീവി റോഡിന് കുറുകെ വന്നത്. ഭയന്നുപോയ വിജിൽ ഏറെനേരം ഹോൺ മുഴക്കിയ ശേഷമാണ് ജീവി സമീപത്തെ പറമ്പിലേക്ക് കയറിപോയതെന്ന് പറയുന്നു. വനമേഖലയോട് അടുത്ത പ്രദേശമാണ് ഇവിടം. കൂടാതെ പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ഉപയോഗിക്കാതെ കാടുപിടിച്ച നിലയിലാണ്. അവശേഷിക്കുന്ന കുടുംബങ്ങൾ വന്യമൃഗ ഭീഷണി നേരിടുകയാണ്.
കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ വെട്ടിത്തെളിക്കാൻ പഞ്ചായത്ത് നിർദേശം നൽകിയെങ്കിലും ആരും തയാറായിട്ടില്ല. വന്യമൃഗ സാന്നിധ്യം വനംവകുപ്പിനെ അറിയിച്ചതായി അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ പറഞ്ഞു.
Tags : nattu vishesham tiger