നിരവ് വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച പുലിക്കൂട്.
പാലക്കയം: പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായെന്ന പരാതിയെതുടർന്ന് വനം വകുപ്പ് നിലവിൽ പുലിക്കൂട് സ്ഥാപിച്ചു. നിരവ് വാക്കോടനിൽ നിന്നും ചന്ദ്രനിൽനിന്നും കൂടുവച്ച് നേരത്തെ പുലികളെ പിടിച്ചിരുന്നു.
ഈ പ്രദേശങ്ങളിൽ പുലിശല്യം രൂക്ഷമാണെന്ന പരാതിയെ തുടർന്നാണ് ചെന്തണ്ടിൽ സ്ഥാപിച്ചിരുന്ന പുലിക്കൂട് നിരവിലേക്കുമാറ്റിയത്. പുലിയെ കണ്ടെന്നു പറയപ്പെടുന്ന ചെന്തണ്ട് ഭാഗത്ത് റെജി സെബാസ്റ്റ്യന്റെ വീടിനു സമീപമായിരുന്നു കഴിഞ്ഞ ഒരുമാസമായി പുലിക്കൂട് സ്ഥാപിച്ചിരുന്നത്.
എന്നാൽ പുലി പ്രദേശത്ത് എത്താതിരുന്നതിനെ തുടർന്നാണ് കൂടുതൽ സാന്നിധ്യമുള്ള നിരവിലേക്ക് മാറ്റാൻ തീരുമാനിച്ചത്. വാക്കോടൻ ഭാഗത്ത് റബർടാപ്പിംഗിനു പോകുന്ന പലരും പുലിയെ കണ്ടതായി പറയുന്നു. പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യപ്രകാരമാണ് പാലക്കയം ഡിവിഷൻ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ കെ. മനോജിന്റെ നേതൃത്വത്തിൽ പുലിക്കൂട് മാറ്റിസ്ഥാപിച്ചത്.
കൂട്ടിലിട്ടിരിക്കുന്ന നായയ്ക്കു ഭക്ഷണംനൽകാനും കൂട് നിരീക്ഷിക്കാനും നാട്ടുകാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
Tags : Local News Nattuvishesham Forest Department Irumbumutti