കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു.
കല്‍പ്പറ്റ: നീറ്റ് പരീക്ഷ അട്ടിമറിച്ച് ഇരുപതിലധികം വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് അവകാശപത്രികാമാര്ച്ച് നടത്തി.
പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച മാര്‍ച്ചില്‍, മോദി ജനാധിപത്യ ഇന്ത്യയുടെ അന്തകനാണെന്ന് എഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി 1,500ല്‍ അധികം വിദ്യാര്‍ഥികളാണ് അണിനിരന്നത്. ഉച്ചയ്ക്ക് ഒന്നോടെ ഹെഡ്പോസ്റ്റ് ഓഫീസിനു മുമ്പില്‍ എത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. ജില്ലാ പ്രസിഡന്റ് അപര്‍ണ ഗൗരി, സെക്രട്ടറി എം.എസ്. ആദര്‍ശ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരില്‍ ചിലര്‍ ബാരിക്കേഡ് മറികടന്ന് ഓഫീസ് വളപ്പില്‍ കയറി പ്രതിഷേധിച്ചു. പോലീസ് അറസ്റ്റുചെയ്ത ഇവരെ പിന്നീട് വിട്ടു.
ഇതേത്തുടര്‍ന്നു ചേര്‍ന്ന യോഗം കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ് ഉദ്ഘാടനം ചെയ്തു. അപര്‍ണ ഗൗരി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രന്, അഥീന ഫ്രാന്‍സിസ്, മുഹമ്മദ് ഷിബിലി, ഇ.എ. സായന്ത് കൃഷ്ണ, സി.ആര്. വിഷ്ണു, എ. അബിന്‍ ബാബു, സച്ചു ഷാജി എന്നിവര്‍ പ്രസംഗിച്ചു. എം.എസ്. ആദര്‍ശ് സ്വാഗതം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ കോളജുകളിലും പ്രകടനവും അവകാശ ദിനാചരണവും നടത്തിയ ശേഷമാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിന് ജില്ലാ ആസ്ഥാനത്ത് എത്തിയത്. ജില്ലാ ഭാരവാഹികളെ ഉള്‍പ്പെടെ അറസ്റ്റുചെയ്തതിനെതിരേ വിദ്യാര്‍ഥികള്‍ നഗരത്തില്‍ പ്രകടനം നടത്തി.