മീൻതുള്ളിപ്പാറ സന്ദർശിച്ച് പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ് ലിയ
പേരാമ്പ്ര: കുറ്റ്യാടിപ്പുഴയുടെ ഭാഗമായ മീൻതുള്ളിപ്പാറയിൽ കയാക്കിംഗ് മത്സരങ്ങളുടെ ആരവം പ്രതീക്ഷിച്ച് ചക്കിട്ടപാറ. പഞ്ചായത്തിലെ വാർഡ് ഒന്നിൽപ്പെട്ട മനോഹര പുഴ ഭാഗമാണ് മീൻതുള്ളിപ്പാറ. കോടഞ്ചേരിയിൽ എല്ലാവർഷവും നടക്കുന്ന അന്താരാഷ്ട്ര കയാക്കിംഗ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളുടെ ഭാഗമായി ഒരു ദിവസം ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപ്പാറയിലും മത്സരം അരങ്ങേറിയിരുന്നു.
വിദേശ തുഴച്ചിൽകാർക്ക് ഏറെ പ്രിയങ്കര ഇടമാണ് മീൻതുള്ളിപ്പാറ. ജലസേചന വകുപ്പിന്റെ പെരുവണ്ണാമൂഴി അണക്കെട്ടിൽ നിന്നുള്ള ജലമാണു മീൻതുള്ളിപ്പാറ പുഴ ഭാഗത്തെ അനുയോജ്യ കയാക്കിംഗ് വേദിയാക്കുന്നത്. 2024 വരെ ജൂൺ അവസാന ആഴ്ചയിൽ തുടർച്ചയായി ഏഴ് വർഷം ഇവിടെ മത്സര പരിപാടികൾ സംഘടിപ്പിച്ചിരുന്നതായി അക്കാലത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.സുനിൽ ദീപികയോട് പറഞ്ഞു. വി.എസ്. അച്യുതാനന്ദന്റെ നിര്യാണം കാരണം 2025 ൽ പരിപാടി നടന്നില്ല.
ഇക്കുറി കയാക്കിംഗ് മത്സര പരിപാടികളുടെ സംഘാടക ആലോചനാ യോഗങ്ങൾ തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്നിരുന്നു. ചക്കിട്ടപാറ പഞ്ചായത്തധികൃതരും പേരാമ്പ്ര എംഎൽഎയും ഈ യോഗങ്ങളിൽ സംബന്ധിച്ചിരുന്നെങ്കിലും മീൻ തുള്ളിപ്പാറയിൽ കയാക്കിം മത്സരം നടക്കുന്ന കാര്യത്തിൽ തീരുമാനം വന്നിട്ടില്ല. കോടഞ്ചേരിയിൽ ഈ മാസാവസാനം മത്സരം അരങ്ങേറും. മീൻ തുള്ളിപ്പാറയിൽ ഏക ദിന മത്സരം നടന്നപ്പോഴൊക്കെ അഭൂതപൂർവമായ ജനക്കൂട്ടമാണ് കാണികളായി എത്തിയിരുന്നത്. ഇവിടെ പവലിയനടക്കും സ്ഥാപിക്കാൻ മുൻ സർക്കാർ ഒരു കോടിയോളം രൂപ പ്രഖ്യാപിച്ചിരുന്നു.
പെരുവണ്ണാമൂഴി ടൂറിസം വികസന പദ്ധതിക്കായി പത്ത് ലക്ഷം രൂപ പുതിയ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മീൻ തുള്ളിപ്പാറയും പദ്ധതിയിൽ ഉൾപ്പെടും.