മണാശേരി- മുത്താലം റോഡിൽ സി.കെ. കാസിം എംഎൽഎ സന്ദർശനം നടത്തുന്നു.
മുക്കം: അഞ്ച് കോടി ചെലവില്നവീകരണം നടക്കുന്ന മണാശേരി- മുത്താലം റോഡ് പ്രവൃത്തിയിലെ മെല്ലെപ്പോക്കിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സി.കെ. കാസിം എംഎൽഎ സ്ഥലം സന്ദർശിച്ചു.
റോഡ് പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നത് മൂലം വിദ്യാര്‍ഥികളും പ്രായം ചെന്നവരുമുൾപ്പെടെ നിരവധി യാത്രക്കാരാണ് ദുരിതം അനുഭവിക്കു ന്നത്. മഴയത്ത് ചെളി ശല്യവും വെയിലത്ത് പൊടിശല്യവും മൂലം സമീപത്തെ താമസക്കാരും കച്ചവടക്കാരും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് എംഎൽഎയും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ചത്.
റോഡ് നവീകരണത്തിന് ഭൂമി ലഭ്യമാവാത്തതാണ് പല സ്ഥലങ്ങളിലും നേരിടുന്ന പ്രശ്നം. ചില സ്ഥലങ്ങളിലെ കയ്യേറ്റങ്ങളും നവീകരണത്തിന് തടസമാണ്.
ഈ പ്രശ്നത്തിന് പരിഹാരമായി അടിയന്തരമായി സർവേ നടപടികൾ പൂർത്തിയാക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലുകൾ നിർമിക്കാത്തതും പ്രതിസന്ധിയായിരുന്നു. മാത്രമല്ല നിർമാണത്തിലെ അശാസ്ത്രീയത മൂലം രൂപപ്പെട്ട വെള്ളക്കെട്ട് മൂലം വീടുകളിലേക്കും കടകളിലേക്കും ചെളി തെറിക്കുന്നതും നിത്യസംഭവമായിരുന്നു. ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ കാണാനും എംഎൽഎ നിർദേശം നൽകി.
മുക്കം നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, കൗൺസിലർമാരായ മനീഷ ഉള്ളാട്ടിൽ, അസീസ് വാർപ്പിൽ, മുനീർ മൂത്താലം, വി.ഗിരിജ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനിയർ കെ.വിസുജീഷ് , അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ രണ്‍ജി, അസി.എന്‍ജിനീയര്‍ പി. അതുൽ , ഒവർസിയർ അബ്ദുൽ റസാഖ്, വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കൾ നാട്ടുകാർ എന്നിവർ സംബന്ധിച്ചു.