മഴക്കുറവ് മൂലം വളര്‍ച്ച മുരടിച്ച ഇഞ്ചിക്കൃഷി.
പുല്‍പ്പള്ളി: മഴയുടെ കുറവുമൂലം തോട്ടങ്ങളില്‍ വളപ്രയോഗം നടത്താനാകാതെ കര്‍ഷകര്‍.
കാപ്പി, കുരുമുളക്, ഇഞ്ചി, ചേന, കാച്ചില്, ചേമ്പ്, മഞ്ഞള്‍ ഉള്‍പ്പെടെ കൃഷികള്‍ക്ക് മഴയുള്ളപ്പോഴാണ് വളപ്രയോഗം നടത്തേണ്ടത്. മഴ വിട്ടുനില്ക്കുമ്പോള് വളപ്രയോഗം നടത്തിയാല്‍ കൃഷികള്‍ കരിഞ്ഞുണങ്ങുമെന്ന് കര്‍ഷകര്‍ പറയുന്നു. ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ അത്യാവശ്യത്തിന് മഴ ലഭിക്കുന്നുണ്ടെങ്കിലും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളില്‍ കാലവര്‍ഷം തീര്‍ത്തും ദുര്‍ബലമാണ്.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളില്‍ ജലസേചന സൗകര്യങ്ങള്‍ പരിമിതവുമാണ്. മഴക്കുറവ് വലിയ തിരിച്ചടിയാകുമെന്ന ശങ്കയിലാണ് കൃഷിക്കാര്‍. വരും ദിവസങ്ങളില്‍ മഴ പെയ്തില്ലെങ്കില്‍ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് അവര്‍ കരുതുന്നു. കുരുമുളക് ചെടികളില്‍ തിരികള്‍ കൊഴിയുകയാണ്. വളര്‍ച്ച മുരടിച്ച ഇഞ്ചിച്ചെടികളില്‍ ഒന്നോ രണ്ടോ കണകളാണുള്ളത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.