പ്രതീകാത്മക ചിത്രം
മുക്കം: പോസ്റ്റൽ അസിസ്റ്റന്റിന്റെ അഭാവം മൂലം സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് മുക്കം പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ രജിസ്ട്രേഡ് തപാൽ സർവീസുകൾ പൂർണമായി തടസ്സപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.
നിലവിലുണ്ടായിരുന്ന പോസ്റ്റൽ അസിസ്റ്റന്‍ഡ് രണ്ടു ദിവസമായി അവധിയിലായതിനെ തുടർന്ന് പകരം ജീവനക്കാരെ നിയമിക്കാൻ അധികൃതർ തയ്യാറായില്ല.
ഇതോടെയാണ് രജിസ്ട്രേഡ് പോസ്റ്റുകൾ സ്വീകരിക്കുന്നതും അയക്കുന്നതുമായ നടപടികൾ നിലച്ചത്. മുക്കം പോസ്റ്റോഫീസിന് കീഴിൽ ഒമ്പത് ബ്രാഞ്ച് ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. ഈ ബ്രാഞ്ചുകളിൽ നിന്ന് ശേഖരിക്കുന്ന രജിസ്ട്രേഡ് പോസ്റ്റുകളും ഹെഡ് ഓഫീസിൽ കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു.
അത്യാവശ്യ രേഖകളും അഭിമുഖ കത്തുകളും അടക്കമുള്ള തപാലുകൾ അയക്കാനായി ഇന്നലെയും നിരവധിയാളുകളാണ് പോസ്റ്റ് ഓഫീസിലെത്തിയിരുന്നത്. എന്നാൽ സേവനം ലഭിക്കാതെ വന്നതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ജീവനക്കാരുടെ അവധി സമയങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്താത്ത തപാൽ വകുപ്പിന്റെ വീഴ്ചയ്ക്കെതിരെ ശക്തമായ രോഷമാണ് ഉയരുന്നത്. അതിനിടെ കൂടരഞ്ഞിയിൽ നിന്ന് ഒരു ജീവനക്കാരനെ എത്തിച്ച് പ്രശ്നത്തിന് താൽകാലിക പരിഹാരം കണ്ടതോടെയാണ് സമരം അവസാനിപ്പിച്ചത്.