കാഞ്ഞിരപ്പള്ളി: പഞ്ചായത്തിൽ മിനി ബൈപാസിനും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും മുൻഗണന നൽകി 48.35 കോടി രൂപയുടെ ബജറ്റ് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ അവതരിപ്പിച്ചു. 48,35,08,521 രൂപ വരവും 46,40,02,011 രൂപ ചെലവും 1,95,06,510 രൂപ നീക്കിയിരിപ്പുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.5 കോടി രൂപ വകയിരുത്തി. മിനി ബൈപാസിന് 1.50 കോടിയും മിനി ബൈപാസിന് സ്ഥലം വാങ്ങുന്നതിന് 10 ലക്ഷവും നീക്കിവച്ചു. ടൗൺ ഹാൾ പരിസരത്ത് കുട്ടികൾക്കു പാർക്കിന് 50 ലക്ഷവും ടൗൺ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസ് നിർമാണം പൂർത്തീകരണത്തിന് ഒരുകോടി, ഇ-ടോയ്ലറ്റിന് അഞ്ച് ലക്ഷം, സഹൃദയ വായനശാല നിർമാണം പൂർത്തീകരണത്തിന് 20 ലക്ഷം, വട്ടകപ്പാറ, കരിമ്പുകയം, മേലരുവി ടൂറിസം പദ്ധതിക്ക് 25 ലക്ഷം, ബസ് സ്റ്റാൻഡിൽ സെപ്റ്റേജ് പ്ലാന്റിന് 50 ലക്ഷം, ചിറ്റാർ പുഴ ടൗൺ ഹാൾ സംരക്ഷണഭിത്തി നിർമാണത്തിന് ഒരുകോടി, എംസിഎഫ് പൂർത്തീകരണത്തിന് 50 ലക്ഷം, ടൗൺ ഹാൾ നവീകരണത്തിന് 35 ലക്ഷം, പകൽ വീട് പൂർത്തീകരണത്തിന് 10 ലക്ഷം, പുഴ ശുചീകരണത്തിന് 25 ലക്ഷം, പേട്ടക്കവലയിൽ ഓപ്പൺ സ്റ്റേജിനും ടാക്സി സ്റ്റാൻഡിനുമായി ഒരുകോടി, പേട്ടക്കവല പാലം വീതി കൂട്ടലിന് 50 ലക്ഷം എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആശാ ജോയി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Kanhirapally Panchayat budget