രാജഗിരി-ജോസ്ഗിരി റോഡ് നവീകരണപ്രവൃത്തി ആരംഭിച്ചപ്പോൾ.
ചെറുപുഴ: രാജഗിരി-ജോസ്ഗിരി റോഡ് നവീകരണപ്രവൃത്തി ആരംഭിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നവീകരണപ്രവൃത്തി ആരംഭിച്ചതാണ്. അന്നത്തെ എംഎൽഎ ടി.ഐ. മധുസൂദനൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി രണ്ടു കിലോമീറ്ററോളം റോഡിലെ ടാറിംഗ് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും ചെയ്തു.
എന്നാൽ, പിന്നീട് പല കാരണങ്ങളാൽ പണികൾ നിലച്ചു.
രാജഗിരി-ജോസ്ഗിരി യാത്ര ദുരിതമായി. ഇരുചക്രവാഹനങ്ങൾ നിരന്തരം ഇവിടെ അപകടത്തിൽപെട്ടു. മറ്റു വാഹനങ്ങളും കയറാതായി. ആശ്രയം കെഎസ്ആർടി ബസ് സർവീസ് മാത്രമാണ്. ഇതിനിടയിൽ ഓഗസ്റ്റ് ഒന്നിനുണ്ടായ ഉരുൾപൊട്ടലും പ്രളയവും റോഡിന്റെ അവസ്ഥ കൂടുതൽ ദയനീയമാക്കി. പുതിയ പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റതോടെ പണികൾ പുനരാരംഭിക്കാനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. വി. കുഞ്ഞികൃഷ്ണൻ എംഎൽഎ, വകുപ്പുമന്ത്രി, പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ റോഡിന്റെ അവസ്ഥ ബോധ്യപ്പെടുത്തുകയും നിരവധി പരാതികളും നിവേദനങ്ങളും നൽകുകയും ചെയ്തു. നിരന്തരമായി പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡൻറ് സതീശൻ കാർത്തികപ്പള്ളി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മനോജ് വടക്കേൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് പണികൾ പുനരാരംഭിച്ചത്.
ഇതിനിടയിൽ കരാറുകാരൻ പണികൾ തുടങ്ങാൻ യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് വ്യാപകമായ ആക്ഷേപമുയർന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ കരാറുകാരന്റെ അനാസ്ഥയ്ക്കെതിരേയും പണി തുടങ്ങാത്തതിലും പ്രതിഷേധിച്ച് സമരപരിപാടികൾ ആരംഭിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
Tags : Rajagiri-Josgiri road has begun. Nattuvishesham DistrictNews