പ്രതീകാത്മക ചിത്രം
കോട്ടയം: പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും വെള്ളം ഇറങ്ങിയ പ്രദേശങ്ങളില്‍ ശുചീകരണം ആരംഭിച്ചതിനാലും പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തകരും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വെള്ളം ശുദ്ധീകരണം
കിണറുകള്‍ ഉള്‍പ്പെടെ മലിനമായിരിക്കുന്ന സാഹചര്യത്തില്‍ വെള്ളം ശുദ്ധീകരിച്ചു മാത്രമേ ഉപയോഗിക്കാവു. ഇതിനായി അഞ്ചു ശതമാനം വീര്യമുള്ള ക്ലോറിന്‍ ലായനി തയാറാക്കണം. ഇതിനായി 15 ഗ്രാം ബീച്ചിംഗ് പൗഡര്‍ 100 മില്ലിമീറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 മിനിറ്റ് സൂക്ഷിക്കണം. തെളിഞ്ഞു വരുന്ന വെള്ളം ക്ലോറിന്‍ ലായനി ആയതിനാല്‍ ഉപയോഗിക്കാം.
ഒരു ലീറ്റര്‍ വെള്ളം അരമില്ലി ക്ലോറിന്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി ഉപയോഗിക്കാം. 20 ലിറ്റര്‍ വെള്ളത്തിനു 10 മില്ലി ലീറ്റര്‍ ക്ലോറിന്‍ ലായനി ഉപയോഗിക്കാം. ക്ലോറിന്‍ ഗുളിക ലഭിച്ചാല്‍ 20 ലീറ്റര്‍ വെള്ളത്തില്‍ ഒരു ഗുളിക ഉപയോഗിച്ച് അണുവിമുക്തമാക്കാം. അണുവിമുക്തമാക്കുന്ന വെള്ളം ഒരു മണിക്കൂറിനുശേഷം കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിക്കാം.
ഷോക്ക് എൽക്കാതിരിക്കാം
വെള്ളം കയറിക്കിടക്കുന്നതും വെള്ളം ഇറങ്ങിയതുമായി വീടുകളില്‍ എത്തുമ്പോള്‍ ഷോക്കേല്ക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ വീടുകളില്‍ എത്തുമ്പോള്‍ തന്നെ വൈദ്യുതി മീറ്ററിലെ ഫ്യൂസ് ഊരിമാറ്റണം. അതിനുശേഷം വീടിനുള്ളിലേക്കു പ്രവേശിക്കാവൂ. പിന്നീട് മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു വേണം ക്ലീനിംഗ് ജോലികള്‍ ചെയ്യാന്‍. പലപ്പോഴും സ്വിച്ച് ബോര്‍ഡില്‍ ഉള്‍പ്പെടെ വെള്ളം കയറി ഷോക്കേല്ക്കാനുള്ള സാധ്യത കൂടുതലാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഷോക്കേറ്റാല്‍ ആദ്യം തന്നെ വൈദ്യുതിയും വ്യക്തിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷം വൈദ്യസഹായം ലഭ്യമാക്കണം.
പകര്‍ച്ച വ്യാധികള്‍ക്കെതിരേ ജാഗ്രത
മലീനജലത്തില് ഇറങ്ങുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും രക്ഷാപ്രവര്‍ത്തകരും പകര്‍ച്ച വ്യാധികള്ക്കെതിരേയുള്ള ജാഗ്രത പുലര്‍ത്തണം. ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കഴിക്കണം. ഇതു ഏലിപ്പനിയെ പ്രതിരോധിക്കും. ഡോക്സിസൈക്ലിന്‍ ഗുളിക എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ദുരിതാശ്വാസ കാമ്പുകളിലും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. പനി ബാധിച്ചാല്‍ ഡോക്ടറെ കണ്ടു ചികിത്സതേടണം.
ക്ഷുദ്രജീവികളെ ശ്രദ്ധിക്കാം
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കുമായി മലിനജലത്തിലും മറ്റും ഇറങ്ങുന്നവര്‍ക്കു പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ക്ഷുദ്രജീവികളുടെ കടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പാമ്പ് കടിയേറ്റാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നതു തടയുന്നതിനുള്ള മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. തുടര്‍ന്ന് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.
Tags : Nattuvishesham DistrictNews DeepikaNews attention