കാടുകയറി നശിക്കുന്ന കൂമ്പാറയിലെ പഴയ കൃഷിഓഫീസ് കെട്ടിടം.
കൂടരഞ്ഞി : കൂടരഞ്ഞി കൃഷിഭവന് കീഴിൽ കൂമ്പാറയിൽ പ്രവർത്തിച്ചിരുന്ന പഴയ കൃഷി ഓഫിസ് കെട്ടിടം അധികൃതരുടെ അവഗണനയിൽ കാടുകയറി നശിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് പാറമ്പുഴയിൽ ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഏകദേശം 40 വർഷം മുമ്പ് പ്രദേശത്തെ കർഷകർക്ക് സഹായകരമാകുന്ന തരത്തിൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. നിലവിൽ കെട്ടിടവും പരിസരവും കാടും വള്ളിച്ചെടികളും കൊണ്ട് മൂടിയ നിലയിലാണ്. വാഴകളും മറ്റു മരങ്ങളും വളർന്നതോടെ കെട്ടിടം തിരിച്ചറിയാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
കെട്ടിടത്തിന്റെ പുറംഭാഗത്തും മേൽക്കൂരയിലും വള്ളിച്ചെടികൾ പടർന്നുപിടിച്ചിട്ടുണ്ട്. കാട് വളർന്നതോടെ പ്രദേശം ഇഴജന്തുക്കളുടെയും മറ്റ് ക്ഷുദ്രജീവികളുടെയും താവളമായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കെട്ടിടത്തിന് സമീപത്തുകൂടി സഞ്ചരിക്കാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. കെട്ടിടത്തിന് തൊട്ടടുത്താണ് ഗവ. ട്രൈബൽ എൽപി. സ്കൂൾ പ്രവർത്തിക്കുന്നത്. കാടുമൂടിയ കെട്ടിടവും പരിസരവും വിദ്യാർഥികളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. ചെറിയ കുട്ടികൾ നിരന്തരം എത്തിച്ചേരുന്ന പ്രദേശമായതിനാൽ പാമ്പുൾപ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിധ്യം അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കർഷകർക്ക് ഏറെ പ്രയോജനകരമായിരുന്ന സ്ഥാപനം പ്രവർത്തനരഹിതമായി കിടന്ന് നശിക്കുന്നത് പ്രതിഷേധാർഹമാണെന്നും നാട്ടുകാർ പറയുന്നു.
ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് കെട്ടിടവും പരിസരവും ശുചീകരിച്ച് സുരക്ഷിതമാക്കണമെന്നും കെട്ടിടം ഇനി ഉപയോഗിക്കാൻ കഴിയാത്തതാണെങ്കിൽ പൊളിച്ചുമാറ്റി സ്ഥലം സുരക്ഷിതമായി ക്രമീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നടപടി സ്വീകരിക്കും
കർഷകരുടെ ആവശ്യങ്ങൾക്കായി ആരംഭിച്ച കൃഷി ഓഫിസ് കെട്ടിടം വർഷങ്ങളായി ഉപയോഗശൂന്യമായി കാടുകയറി കിടക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ ഇടപെടൽ നടത്തുന്നതിനും കെട്ടിടവും പരിസരവും സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. കെട്ടിടം പുനരുപയോഗിക്കാൻ കഴിയുന്ന സാഹചര്യമാണെങ്കിൽ അതിനുള്ള സാധ്യത പരിശോധിക്കും.
ജിമ്മി ജോസ് പൈമ്പിള്ളിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം
കടുത്ത അനാസ്ഥ, പറ്റില്ലെങ്കില് പൊളിച്ച് മാറ്റണം
നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് കർഷകരുടെ ആവശ്യങ്ങൾക്കായി ആരംഭിച്ച സ്ഥാപനം ഇന്ന് കാടുകയറി നശിക്കുന്നത് അധികൃതരുടെ കടുത്ത അനാസ്ഥയാണ്. സ്കൂളിനോട് ചേർന്നുള്ള ഈ പ്രദേശം ഇഴജന്തുക്കളുടെ താവളമായി മാറുന്നതിന് മുമ്പ് അടിയന്തര നടപടി വേണം.
കെട്ടിടം ഉപയോഗയോഗ്യമാക്കി കർഷകർക്കും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ മാറ്റുകയോ, സാധ്യമല്ലെങ്കിൽ പൊളിച്ചുമാറ്റുകയോ വേണം.
വിൽസൺ പുല്ലുവേലിൽ, ആർജെഡി. ജില്ലാ സെക്രട്ടറി.