പ്രതീകാത്മക ചിത്രം
പൊൻകുന്നം: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ചിറക്കടവ് അമ്പലം കവലയിൽ ഓട്ടോറിക്ഷ മിനിലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചുവെന്ന് ഒരു ഓൺലൈൻ ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ തെറ്റായ വാർത്ത. പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും തയാറാകാത്തതിനാൽ അരമണിക്കൂറോളം റോഡിൽ കിടന്നുവെന്നും നാടിന് ഇതു നാണക്കേടെന്നുമാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
മൂന്നു പേർക്കു പരിക്കേറ്റതല്ലാതെ അപകടത്തിൽ ആരും മരിച്ചിരുന്നില്ല. നാടിന് നാണക്കേടുണ്ടാകുന്ന തരത്തിൽ തെറ്റായ പ്രചാരണം നടത്തിയതിൽ ചിറക്കടവ് അമ്പലം കവലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളും വ്യാപാരികളും നാട്ടുകാരും പ്രതിഷേധിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും നാട്ടുകാർ പ്രതിഷേധിച്ചു.
ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന റാന്നി സ്വദേശികളായ മൂന്നു പേർക്ക് പരിക്കേറ്റ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് സമീപവാസികളാണ്. ഗുരുതരമായി പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ കയറ്റിയാൽ കൂടുതൽ അപകടകരമാകുമെന്നതിനാൽ ഇവിടെ കൂടിയവർതന്നെയാണ് ആംബുലൻസ് വിളിച്ചുവരുത്തിയത്.
നാട്ടുകാരുടെ നേതൃത്വത്തിലാണ് ആംബുലൻസിൽ കയറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചതും. പിന്നീട് പ്രഥമശുശ്രൂഷ നൽകി പാലായിലെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയി.
അപകടസമയത്തെടുത്ത ഫോട്ടോയിൽ എഐ മാറ്റംവരുത്തി ചിലർ മൊബൈലിൽ ചിത്രമെടുക്കുന്നതായ ഫോട്ടോയാണ് വാർത്തയ്ക്കൊപ്പം ചേർത്തത്. ചിറക്കടവ് അമ്പലം കവലയിലെ ആൾക്കാർ അപകടസ്ഥലത്ത് ഇത്തരത്തിൽ ചെയ്യുന്നവരാണെന്ന് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും പ്രതിഷേധക്കാർ പറയുന്നു. തെറ്റായ വാർത്ത പിന്നീട് പേജിൽ നിന്ന് പിൻവലിച്ചു
Tags : fake news NattuVishasham DistrictNews