മാവേലിക്കര: കാട്ടുപോത്ത് ഭീതിയിൽ മാവേലിക്കര. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കല്ലുമല കണ്ണാട്ടുമോടി ഭാഗത്ത് കാട്ടുപോത്തിനെ കണ്ടത്. ഗാനമേള സംഘം തിരുവനന്തപുരത്തെ പരിപാടി കഴിഞ്ഞ് തിരികെ എത്തുമ്പോഴാണ് റോഡിലൂടെ നടന്നുപോകുന്ന കാട്ടുപോത്തിനെ കണ്ടത്. ലൈറ്റ് ഓപ്പറേറ്ററായ ജയ്സൺ ഇതിന്റെ വീഡിയോ പകർത്തി.
റോഡിന്റെ നടുവിലൂടെ സാവധാനം നടന്നുപോയ കാട്ടുപോത്തിന് പിന്നാലെ അരമണിക്കൂറോളം വാഹനം പതിയെ ഓടിക്കുകയായിരുന്നെന്ന് ജയ്സൺ പറഞ്ഞു. ഇതിനുശേഷം പോത്ത് റോഡരികിലുള്ള സ്ഥലത്തേക്ക് കയറിയപ്പോൾ വാഹനം ഓടിച്ചുപോരുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. പിന്നീട് കല്ലുമല എം.ബി. ഐറ്റിസിക്കു സമീപം കാട്ടുപോത്തിനെ കണ്ടവരുണ്ട്. ഇത് ഐറ്റിസിയുടെ അടുത്തുനിന്ന് വടക്കോട്ടുള്ള റോഡിലേക്ക് പോയതായാണ് വിവരം.
കായംകുളം - പുനലൂർ റോഡിൽ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് വഴിയാത്രക്കാർ കാട്ടുപോത്തിനെ കണ്ടത്.
പ്രദേശവാസികളും ഫോട്ടോഗ്രാഫർമാരുമായ സന്തോഷ് ഫോട്ടോ വേൾഡ്, ഷാജി ഡേലൈറ്റ് എന്നിവർ കാറിൽ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് റോഡിന്റെ മധ്യഭാഗത്തുകൂടി വേഗത്തിൽ പോകുന്ന കാട്ടുപോത്തിനെ കണ്ടത്. വാഹനത്തിലിരുന്നുതന്നെ ഇവർ ഇതിന്റെ ചിത്രങ്ങൾ പകർത്തി. കാലുകളിലെ വെള്ള നിറവും വലിയ കൊമ്പുകളുംകണ്ടതോടെയാണ് കാട്ടുപോത്താണെന്ന് ഉറപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം എസ്. നിയാസ്, എം.എസ്. അരുൺകുമാർ എംഎൽഎ മുഖാന്തിരം റാന്നി ഫോറസ്റ്റ് റേഞ്ചിലറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ്ഉദ്യോഗസ്ഥരെത്തി തെരച്ചിൽ നടത്തിയിട്ടും കാട്ടുപോത്തിനെ കണ്ടെത്താനായില്ല.
നൂറനാട്ട് നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള ചുനക്കര കളിക്കണ്ടം ഭാഗത്ത് ബുധനാഴ്ച പുലർച്ചെയാണ് കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി സാന്നിധ്യം തിരിച്ചറിഞ്ഞു. ചുനക്കരവഴി കടന്നുപോകുന്ന 220 കെവി ഹൈടെൻഷൻ ലൈനിനടിയിലൂടെ കളിക്കണ്ടത്തിന് കിഴക്കുഭാഗത്തുള്ള പുഞ്ചയിലേക്ക് കാട്ടുപോത്ത് കടന്നതായാണ് കണ്ടെത്തിയത്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നുണ്ട