മന്ത്രി മോന്‍സ് ജോസഫ് തന്നെ കാണാനെത്തിയവരെ ഇന്നലെ വീട്ടുമുറ്റത്തെ ആൾകൂട്ടത്തിനിടയിൽ നിന്നുകൊണ്ട് കാണുന്നു.
കടുത്തുരുത്തി: മന്ത്രി മോന്‍സ് ജോസഫിന്റെ ആപ്പാഞ്ചിറയിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ മന്ത്രിയെ കാണാനെത്തിയത് നൂറുകണക്കിനാളുകൾ. രാവിലെ പൂഴിക്കോല്‍ സെന്റ് ആന്റണീസ് പള്ളിയില്‍ കുടുംബസമേതം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം മന്ത്രി വീട്ടിലേക്കെത്തുമ്പോള്‍ വീട്ടുമുറ്റവും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.
സാധാരണ വീടിന് മുന്നിലെ ഓഫീസ് മുറിയിലാണ് മോന്‍സ് ജോസഫ് ആളുകളെ കണ്ടിരുന്നത്. എന്നാല്‍, ഇന്നലെ മന്ത്രി മോന്‍സ് ജോസഫ് ആളുകളുടെയിടയില്നിന്നു കൊണ്ടുതന്നെ ഓരോരുത്തരെയും കണ്ട് ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയായിരുന്നു.
സ്പോട്ടില്‍ പരിഹാരം കാണാന്‍ പറ്റുന്ന പ്രശ്നങ്ങളെല്ലാം ഫോണില്‍ വിളിച്ച് അപ്പോള്‍ തന്നെ സാധിച്ചു കൊടുക്കുകയായിരുന്നു. അല്ലാത്തവയെല്ലാം കുറിച്ചെടുത്ത് ഒപ്പമുണ്ടായിരുന്ന ജീവനക്കാര്‍ക്ക് ഫയലുകള്‍ കൈമാറി.
ഏതാണ്ട് അഞ്ച് മണിക്കൂറോളമാണ് ഇത്തരത്തില്‍ മന്ത്രി മോന്‍സ് ജോസഫ് ജനങ്ങള്ക്കിടെയില്നിന്ന് അവരുടെ ആവശ്യങ്ങൾ കേട്ടത്. ആരെയും നിരാശനാക്കാതെ തന്നെ കാണാനെത്തിയ അവസാനത്തെ ആളെയും സന്തോഷത്തോടെ മടക്കി അയച്ച ശേഷമാണ് മന്ത്രി വീടിനുള്ളിലേക്ക് പ്രവേശിച്ചത്.
വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ജനങ്ങളെ വിഷമിപ്പിക്കാതെ തന്നാല്‍ ആവുന്നതെല്ലാം ചെയ്യണമെന്നതാണ് മന്ത്രിയുടെ നിലപാട്. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സ്ഥലംമാറ്റം, അഡ്മിഷന്, രോഗികള്‍ക്കായുള്ള ചികിത്സാ സഹായം, മറ്റു സഹായങ്ങള്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ക്കായാണ് കൂടുതല്‍ പേരും എത്തിയത്.
Tags : Local News Nattuvishesham Kottayam