നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ പുഴയിലെ മണ്ണൂർക്കുന്ന് ചെക്ക് ഡാമിന് സമീപം മീൻ പിടിക്കുന്ന യുവാവ്.
സുൽത്താൻ ബത്തേരി: കാലവർഷം എത്തിയതോടെ ജില്ലയിലെ പുഴകളിലും ചെറുതോടുകളിലും മീൻപിടിത്തം സജീവമായി. നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ പുഴയിലെ മണ്ണൂർക്കുന്ന് ചെക്ക് ഡാമിന് സമീപമാണ് ദിവസവും പുലർച്ചെ മുതൽ മീൻപിടിത്തക്കാരുടെ തിരക്ക് അനുഭവപ്പെടുന്നത്. മഴയെത്തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയർന്നതും ഒഴുക്ക് ശക്തമായതുമാണ് മത്സ്യങ്ങളുടെ സാന്നിധ്യം വർധിക്കാൻ കാരണമായത്. ചൂണ്ട, ചെറുവല, കൂട എന്നിവയുമായാണ് പ്രദേശവാസികളും സമീപപ്രദേശങ്ങളിൽ നിന്നുള്ളവരും മീൻപിടിത്തത്തിനായി എത്തുന്നത്. ചെറിയ ഇനം മത്സ്യങ്ങളാണ് കൂടുതലായി ലഭിക്കുന്നതെങ്കിലും മീൻപിടിത്തക്കാർ പ്രതീക്ഷയിലാണ്.
മഴ കൂടുതൽ ശക്തമാകുന്നതോടെ സമീപത്തെ വയലുകളിലും തണ്ണീർത്തടങ്ങളിലും വെള്ളം നിറയും. ഇതോടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ പുഴയിലേക്കും തോടുകളിലേക്കും എത്തുകയും കൂടുതൽ മത്സ്യലഭ്യത ഉണ്ടാകുകയും ചെയ്യുമെന്നാണ് നാട്ടുകാർ പറയുന്നത്. അവധി ദിവസങ്ങളിൽ നിരവധി യുവാക്കളും കുട്ടികളും ചെക്ക് ഡാമിന് സമീപം മീൻപിടിക്കാനായി എത്തുന്ന കാഴ്ചയാണ് ഇപ്പോൾ. കുടുംബാവശ്യത്തിനുള്ള മത്സ്യം ലഭിക്കുന്നതിനൊപ്പം അധികമായി ലഭിക്കുന്ന മത്സ്യങ്ങൾ ചിലർ പ്രാദേശികമായി വിൽപ്പന നടത്തുന്നുമുണ്ട്.
Tags : Local News Nattuvishesham Wayanad