നീലേശ്വരം അഗ്രോ സർവീസ് സെന്ററിലെ മഴമറയിൽ തൈകൾ ഒരുക്കുന്നു.
നീലേശ്വരം: പുതിയ കാലത്ത് കർഷകർക്കാവശ്യമായ യന്ത്രോപകരണങ്ങളും സാങ്കേതികസഹായങ്ങളും ലഭ്യമാക്കുന്നതിനൊപ്പം മാതൃകാപരമായ കൃഷിത്തോട്ടങ്ങളൊരുക്കിയും വിത്തുകളും തൈകളും വിതരണം ചെയ്തും വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചാണ് നീലേശ്വരം അഗ്രോ സർവീസ് സെന്റർ മികച്ച കൃഷിക്കൂട്ടത്തിനുള്ള സംസ്ഥാന അവാർഡ് നേടിയത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെന്റർ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിലും വിപണനത്തിലും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
രണ്ടു നടീൽ യന്ത്രങ്ങൾ, ഒരു കൊയ്ത്തു-മെതിയന്ത്രം, ട്രാക്ടർ, കാടുവെട്ടുന്ന മെഷീൻ എന്നിവ ഇവിടെ സ്വന്തമായുണ്ട്. ഇവ മിതമായ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുന്നു. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കർഷകർക്കാവശ്യമായ സാങ്കേതികസഹായങ്ങൾ നൽകുന്നതിനുമായി സെന്ററിനു കീഴിൽ 13 സാങ്കേതിക വിദഗ്ധരുണ്ട്.
12 വർഷമായി തരിശിട്ടിരുന്ന ചെറുവത്തൂർ കാടങ്കോട് കൊയാമ്പുറം പാടശേഖരത്തിൽ നെൽകൃഷി തിരികെ കൊണ്ടുവന്നത് നീലേശ്വരം അഗ്രോ സർവീസ് സെന്ററിനു കീഴിലായിരുന്നു. ഏഴോം-രണ്ട് നെൽവിത്തും നടീൽയന്ത്രവും ഉപയോഗിച്ചായിരുന്നു കൃഷി. ചക്കയിൽ നിന്നുൾപ്പെടെ മൂല്യവർധിത ഉത്പന്നങ്ങൾ തയ്യാറാക്കി വിപണിയിലെത്തിച്ചിട്ടുണ്ട്. നീലേശ്വരം വള്ളിക്കുന്നിൽ സ്ഥിരം വിപണനകേന്ദ്രവും കാസർഗോഡ് കളക്ടറേറ്റിൽ മാസത്തിലൊരിക്കൽ പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന വിപണനകേന്ദ്രവും സെന്ററിനു കീഴിലുണ്ട്. മൂന്ന് മഴമറകളിലായി ഒരുക്കിയ മാതൃകാ കൃഷിത്തോട്ടങ്ങളും ശ്രദ്ധേയമാണ്.
പ്രസിഡന്റ് ടി.വി. തങ്കമണി, സെക്രട്ടറി കെ. പ്രസന്ന, ട്രഷറർ കെ. സന്തോഷ് കുമാർ, ഫെസിലിറ്റേറ്റർ എ. തമ്പാൻ എന്നിവരാണ് സെന്ററിനെ നയിക്കുന്നത്. തൃക്കരിപ്പൂർ എംഎൽഎ ചെയർമാനും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയർപേഴ്സണും കൃഷി അസി. ഡയറക്ടർ കൺവീനറുമായി ഉപദേശക സമിതിയും ബ്ലോക്കിലെ എല്ലാ കൃഷി ഓഫീസർമാരും ഉൾപ്പെട്ട സാങ്കേതിക സമിതിയും ഒപ്പമുണ്ട്.