പുലിക്കാട് സ്പ്രിംഗ്ഷെഡ് പ്രദേശത്തെ കര്‍ഷകര്‍ക്ക് വിവിധയിനം വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു.
കല്‍പ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനും പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും വൃക്ഷത്തൈകള്‍ നട്ട് വളര്‍ത്തുകയും വനവത്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് മുന്‍ എക്സിക്യുട്ടീവ് ഡയറക്ടറും കോയമ്പത്തൂരിലെ കാരുണ്യ ഡീംഡ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. ഇ.ജെ. ജയിംസ് അഭിപ്രായപ്പെട്ടു.
നബാര്‍ഡിന്റെ പിന്തുണയോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന പുലിക്കാട് സ്പ്രിംഗ്ഷെഡ് പദ്ധതിയുടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധലഘൂകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫലവൃക്ഷ, പോഷക, വനവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോണി കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ലോകബാങ്ക് കണ്‍സള്‍ട്ടന്റ് പി.കെ. കുര്യന്, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ റോബിന് ജോസഫ്, ദീപു ജോസഫ്, നീര്‍ത്തട കമ്മിറ്റി അംഗങ്ങളായ കെ.ജെ. വര്‍ഗീസ് കിഴക്കേപറമ്പില്‍, സെക്രട്ടറി പി.കെ. സിനോജ് എന്നിവര്‍ പ്രസംഗിച്ചു.
പുലിക്കാട് സ്പ്രിംഗ്ഷെഡ് പ്രദേശത്തെ 240 കര്‍ഷകര്‍ക്ക് വിവിധയിനം ഫലവൃക്ഷ, പോഷക, വനവൃക്ഷത്തൈകള് വിതരണം ചെയ്തു. ജലസ്രോതസുകളുടെ സംരക്ഷണം, ഭൂഗര്‍ഭജല പുനര്ഭരണം, മണ്ണ്ജല സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന കാര്‍ഷിക രീതികളുടെ പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തൈകള്‍ വിതരണം ചെയ്തത്.
Tags : Nattuvishesham DistrictNews DeepikaNews protect tree