ലൈഫ് ജാക്കറ്റ് ധരിക്കാതെ ബോട്ട് യാത്ര ചെയ്യുന്നവർ.
ഫോർട്ടുകൊച്ചി: അഴിമുഖത്തെ കപ്പൽ ചാലിലൂടെ സുരക്ഷാ കവചമില്ലാതെ (ലൈഫ് ജാക്കറ്റ് ) വിനോദസഞ്ചാരികളുടെ ബോട്ട് യാത്ര . തീരദേശ പോലീസിനെ നോക്കുകുത്തിയാക്കിയാണ് ബോട്ടുയാത്രയെന്ന് ആരോപണമുയർന്നിട്ടുണ്ട്. അടിയൊഴുക്കു ശക്തമായ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരത്തിൽ അപകട യാത്ര നടക്കുന്നതായി നാട്ടുകാർ പറയുന്നു.
വിനോദ സഞ്ചാര സീസൺ തുടങ്ങിയതോടെയാണ് കൊച്ചിയിലെ കപ്പൽചാലിലുടെ അപകട യാത്ര നടക്കുന്നത്. യുവാക്കളും കുട്ടികളുമടക്കമുള്ള സംഘങ്ങളാണ് ഇൻബോർഡ് യന്ത്രങ്ങളുള്ള ചെറുതും വലുതുമായ ടൂറിസ്റ്റ് ബോട്ടുകളിൽ സവാരി നടത്തുന്നത്. ചരക്കു കപ്പലുകൾ , മെട്രോ യാത്രാ ബോട്ടുകൾ, മത്സ്യബന്ധനയാനങ്ങൾ എന്നിവ സഞ്ചരിക്കുന്ന അഴിമുഖം, കൊച്ചി കായൽ, വേമ്പനാട്ടു കായലുകളിലാണ് സുരക്ഷാ കവചമില്ലാതെ ബോട്ടുയാത്ര നടക്കുന്നത് . കൊച്ചി കോസ്റ്റൽ പോലീസ് ആസ്ഥാനത്തിന് മുന്നിലൂടെയാണ് ഇത്തരം അപകട യാത്രകളെന്നാണ് ജനം ചൂണ്ടിക്കാട്ടുന്നത്.
എറണാകുളം നഗരം കേന്ദ്രീകരിച്ച് കൊച്ചി കായലിലും സൂര്യാസ്തമയ ദൃശ്യങ്ങൾക്കായി അഴിമുഖം വഴി പുറം കടലിലേയ്ക്കും വിനോദ സഞ്ചാര ബോട്ടുകൾ സർവീസ് നടത്താറുണ്ട് . പ്ര തിഷേധങ്ങളുയരുമ്പോൾ മാത്രമേ പോലീസ് പരിശോധന നടത്താറുള്ളൂ എന്നാണ് ജനകീയ സംഘടനാ പ്രവർത്തകർ പറയുന്നത്.
200 ഓളം ബോട്ടുകളാണ് കൊച്ചി കായലിൽ വിനോദ സഞ്ചാരികളുമായി സവാരി നടത്തുന്നത്. ഭൂരിഭാഗം ബോട്ടുകളിലും യാത്രക്കാർക്ക് സുരക്ഷയൊരുക്കാറുണ്ടെന്നാണ് ബോട്ടു തൊഴിലാളികൾ പറയുന്നത്.
Tags : Nattuvishesham Districtnews Backwater journey