വെള്ളക്കെട്ട് ഒഴിയാത്ത ചങ്ങനാശേരി വണ്ടിപ്പേട്ട പറാല്‍ റോഡ്.
കെഎസ്ആർടിസി ഒരു സർവീസ് ആരംഭിച്ചു
ചങ്ങനാശേരി: പ്രളയവും മഴക്കെടുതിയും മുന്നറിയിപ്പുകളും അവസാനിച്ച് ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടക്കം ആരംഭിച്ചെങ്കിലും കഴിഞ്ഞ എട്ടു ദിവസമായി പറാൽ-കുമരങ്കരി റോഡിൽ യാത്രാദുരിതം തുടരുന്നു. റോഡിന്റെ തുടക്കഭാഗത്ത് രണ്ട് താഴ്ന്ന ഭാഗങ്ങളിൽ ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ടാണുള്ളത്.
പലരും വാഹനങ്ങൾ ഉയർന്ന പ്രദേശത്ത് പാർക്ക് ചെയ്തശേഷം നടന്നാണ് വീടുകളിലേക്ക് എത്തുന്നത്. വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.
ഓഫീസിൽ ചെന്ന് വസ്ത്രം മാറി ജോലിയിൽ പ്രവേശിക്കേണ്ട അവസ്ഥയാണ്. കെഎസ്ആർടിസി ഒരു സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും പലരും കൂടുതൽ തുക മുടക്കി ആപ്പ ഓട്ടോറിക്ഷകളിലാണ് യാത്ര ചെയ്യുന്നത്. വെള്ളത്തിലൂടെ വാഹനം ഓടിക്കുന്നതിനാൽ സാധാരണയിൽ കൂടുതൽ തുകയാണ് യാത്രക്കാരിൽനിന്ന് വാങ്ങുന്നത്.
വണ്ടിപ്പേട്ടയിൽനിന്ന് പറാൽ ഭാഗത്ത് പോകുന്ന വഴിയുടെ തുടക്കം മുതൽ വലിയ കുഴികൾ ആണ്. ഈ കുഴികൾ കടന്ന് വാഹനം എത്തുമ്പോൾ കേടാകുന്നത് പതിവാണ് എന്ന് ഡ്രൈവർമാർ പറയുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒമ്പത് കോടി രൂപ മുടക്കി പറാൽ റോഡ് ഉയർത്തി പണിയുവാൻ തുക വകയിരുത്തി ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കും എന്ന് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും പദ്ധതി കടലാസിൽ ഒതുങ്ങി.
2018 മുതൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണണം എങ്കിൽ റോഡ് ഉയർത്തിപ്പണിതേ മതിയാവൂ എന്ന് നാട്ടുകാർ പറയുന്നു.
Tags : Nattuvishesham DistrictNews DeepikaNews Despite the rain