നിലമ്പൂർ: റെയിൽവേ പാതയ്ക്ക് ചരിത്രനേട്ടം. 24 കോച്ചുകളുള്ള വലിയ ട്രെയിനുകൾക്ക് വഴിതുറന്ന് വാണിയന്പലം, അങ്ങാടിപ്പുറം സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം വികസനത്തിന് ദക്ഷിണ റെയിൽവെയുടെ അനുമതിയായി.
നിലമ്പൂർ പാതയുടെ ഭാവി വികസനം ലക്ഷ്യമാക്കിയും കൂടുതൽ ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കാൻ ഉതകുന്ന രീതിയിൽ ബ്ലോക്ക് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകൾ 24 കോച്ചുകൾ ഉൾക്കൊള്ളുന്ന നീളത്തിൽ നീട്ടണമെന്ന നിലന്പൂർ -മൈസൂർ റെയിൽവേ ആക്ഷൻ കൗണ്‍സിലിന്റെയും ജനപ്രതിനിധികളുടെയും നിരന്തര അഭ്യർത്ഥന കണക്കിലെടുത്ത് അങ്ങാടിപ്പുറം, വാണിയന്പലം സ്റ്റേഷനുകളിലെ പ്ലാറ്റഫോമുകൾ 24 എൽഎച്ച്ബി കോച്ചുകൾ ഉൾക്കൊള്ളുന്ന തരത്തിൽ നീളം കൂട്ടാനും അനുബന്ധ യാർഡ് നീളം കൂട്ടൽ സിഗ്നൽ നവീകരണ ജോലികൾക്കുമാണ് ദക്ഷിണ റെയിൽവേ അനുമതി നൽകിയത്. നിലന്പൂരിലെ ജോലികളും വൈകാതെ ഉണ്ടാകും.
26 കോച്ചുകൾ ഉൾക്കൊള്ളാൻ നീളമുള്ള പുതിയ കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനുകളുടെ നിർമാണത്തിൽ കുലുക്കല്ലൂർ ക്രോസിംഗ് സ്റ്റേഷൻ ഈ ആഴ്ച ആദ്യം കമ്മീഷൻ ചെയ്തു. മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷൻ ഈ മാസം അവസാനത്തോടെയും കമ്മീഷൻ ചെയ്യും.
ഇതോടെ തിരുവനന്തപുരം -ഷൊർണുർ വേണാട് എക്സ്പ്രസ്, ചെന്നൈ -പാലക്കാട് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നീട്ടാനും കൂടുതൽ മെമു സർവീസുകൾ ലഭിക്കുന്ന മുറയ്ക്ക് പകലുള്ള ഇടവേളയിൽ മെമു വണ്ടി ഓടിക്കാനും സാധ്യയേറി.
Tags : Local News Nattuvishesham Malappuram