എടത്വ: തൊഴിലുറപ്പ് പദ്ധതിയുടെ നിബന്ധന കരാറുകര്‍ അംഗീകരിക്കാതെ വന്നതോടെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍. പരാതികളും നിവേദനങ്ങളുമായി ജനപ്രതിനിധികളുടെ പിറകേ നടന്നിട്ടും ഗ്രാമീണ റോഡുകളുടെ ഉത്തരവാദിത്വം ഗുണഭോക്താക്കളുടെ തലയില്‍. തലവടി സെന്റ് തോമസ് പള്ളി-തലവടി സിഎംഎസ് ഹൈസ്ക്കൂള് റോഡും തകഴി പഞ്ചായത്തിലെ ചെക്കിടിക്കാട് വല്ലിശേരില് പാലം-പറത്തറപാലം റോഡുമാണ് ഗുണഭോക്താക്കള്‍ നന്നാക്കി സഞ്ചാരയോഗ്യമാക്കിയത്.
എടത്വ-ആലംത്തുരുത്തി സംസ്ഥാന പാതയില്‍നിന്നു തലവടി സെന്റ് തോമസ് പള്ളി, കുന്തിരിക്കല്‍ പോസ്റ്റ് ഓഫീസ്, തലവടി സിഎംഎസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള വഴി ചെളിക്കുളമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. തകര്‍ന്ന റോഡില്‍ ജൽജീവന്‍ പദ്ധതിയുടെ പൈപ്പുലൈന്‍ സ്ഥാപിക്കലോടെ തകര്‍ച്ച പൂര്‍ണതയിലെത്തി. റോഡില്‍ വെള്ളം കെട്ടിക്കിടന്ന് കുഴികള്‍ രൂപപെട്ടതുമൂലം അപകടങ്ങള്‍ നിത്യസംഭവമായി. ഇതേത്തുടര്‍ന്ന് തലവടി സിഎംഎസ് ഹൈസ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനാ കൂട്ടായ്മ മുന്നോട്ടു വന്നു. നാട്ടുകാര്‍ പണം പിരിച്ചെടുത്ത് റോഡിലെ കുഴികള്‍ മെറ്റല്‍ ചിപ്സ് ഇറക്കി ജെസിബി ഉപയോഗിച്ച് നിരത്തി കുഴി തത്കാലം അടച്ചു.
വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് സോജി വര്‍ഗീസ് ജോണി, ജനറല്‍ സെക്രട്ടറി ഡോ. ജോണ്സണ് വാലയില്‍ ഇടിക്കുള, പ്രധാന അധ്യാപകന് റെജില്‍ സാം മാത്യു, ട്രഷറര്‍ എബി മാത്യു ചോളകത്ത്, അഡ്വ. ഐസക്ക് രാജു, ജിബി ഈപ്പൻ എന്നിവര്‍ നേതൃത്വം നല്കി.
റോഡിന്റെ അറ്റകുറ്റപ്പണിക്കായി അഞ്ചുലക്ഷം രൂപ ചമ്പക്കുളം പഞ്ചായത്ത് വകകൊള്ളിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം സുഷമ സുധാകരനും കോണ്‍ക്രീറ്റ് ചെയ്യാന്‍ കരാര്‍ നല്‍കിയെന്നും പഞ്ചായത്ത് ഫണ്ട് ഉള്‍പ്പെടുത്തി ടാറിംഗ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി പഞ്ചായത്തംഗം റീത്താമ്മ തോമസും പറഞ്ഞു.
തകഴി പഞ്ചായത്ത് 8 -ാം വാര്‍ഡില്‍ ചെക്കിടിക്കാട് പടിഞ്ഞാറേഭാഗം വല്ലിശേരില്പാലം-പറത്തറ പാലം റോഡ് പൂര്‍ണ തകര്‍ച്ചയിലായിരുന്നു. ഗതാഗതം പൂര്‍ണമായി നിലച്ച അവസ്ഥയിലെത്തിയതോടെ അടിയന്തര നിര്‍മാണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കിയിരുന്നു. റോഡ് തകര്‍ന്നതോടെ അടിയന്തര ഘട്ടത്തില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനോ നാലുതോട് പാടശേഖരത്ത് കാര്‍ഷിക സാമഗ്രികള്‍ എത്തിക്കാനോ കഴിയാത്ത അവസ്ഥയാണ്. വല്ലിശേരി തോട്ടല്‍ വെള്ളം ഉയര്‍ന്നാല്‍ റോഡിലേക്ക് കയറും. സഹികെട്ട പ്രദേശവാസികള്‍ മെറ്റല്‍ ചിപ്സ് ഇറക്കി താത്കാലികമായി റോഡ് സഞ്ചാരയോഗ്യമാക്കി. സോജി വര്‍ഗീസ്, വിവിന് ഊരാംവേലില്, അമ്മിണി തെക്കേ അലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham District News