പ്രതീകാത്മക ചിത്രം
പാലാ: പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മായാ രാഹുല്‍ മത്സരിക്കുമെന്ന് വിലയിരുത്തല്‍. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുല്‍ നിലവിൽ ആക്ടിംഗ് ചെയര്‍പേഴ്സനാണ്.
മായയെ പിന്നീട് കോണ്‍ഗ്രസ് തിരിച്ചെടുത്തിരുന്നു. 12 അംഗ ഇടതുമുന്നണിയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് പുറത്താക്കിയ നാല് കൗണ്‍സിലര്‍മാരും ഉള്‍പ്പെടെ 17 പേര് ഒരു ടീമായാണ് നില്‍ക്കുന്നത്. ഇവരാണ് മുന്‍ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കക്കണ്ടത്തിനെ പുറത്താക്കിയത്.
കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച് ഇടതു പക്ഷം അവതരിപ്പിച്ച അവിശ്വാസത്തെ പിന്താങ്ങിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് ഇവര്‍ പുറത്തായത്. ഭരണം പിടിക്കാന്‍ തങ്ങളില്ലെന്നും വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കോണ്‍ഗ്രസ് അംഗങ്ങള്‍ 14 ന് മുമ്പ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കണമെന്നുമാണ് ഇടതുപക്ഷം ഇവരോട് ആവശ്യപ്പെട്ടതെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിജു പാലൂപ്പടവന് പറഞ്ഞു. ഇവര്‍ ഏകപക്ഷീയമായി നിര്‍ദേശിക്കുന്ന ആളെ എല്‍ഡിഎഫ് പിന്തുണയ്ക്കും. മായാ രാഹുൽ ചെയര്‍പേഴ്സണാകുന്ന കാര്യത്തില്‍ ഇവര്‍ക്ക് എതിരഭിപ്രായമില്ല.
മായാ രാഹുലിനാണ് 90 ശതമാനവും സാധ്യതയെന്നാണ് കോണ്‍ഗ്രസ് വിമതരിലെ പ്രമുഖന് ടോണി തൈപ്പറമ്പില്‍ പറഞ്ഞത്. പാലാ നഗരസഭ 19 ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന മായാ രാഹുല്‍ കഴിഞ്ഞ തവണയും മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. ഇപ്രാവശ്യം മത്സരിച്ച് വിജയിച്ച മായ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിക്കുകയായിരുന്നു. ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുറത്താക്കപ്പെട്ടതോടെ ഭരണ സാരഥ്യം ഇവരുടെ ചുമതലയിലായി.
26 അംഗ കൗണ്‍സിലില്‍ മൂന്ന് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും മൂന്നംഗ സ്വതന്ത്ര മുന്നണി കൗണ്‍സിലര്‍മാരും കെഡിപിയിലെ ഒരു കൗണ്‍സിലറും കോണ്‍ഗ്രസിലെ രണ്ട് കൗണ്‍സിലര്‍മാരും ഒരു ടീമായാണ് നിലകൊള്ളുന്നത്. ഇവരില്‍നിന്നു ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്കും സ്ഥാനാര്‍ഥികളുണ്ടാവും.
വിമത കോണ്‍ഗ്രസ് അംഗങ്ങളില്‍ ആരാവും വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി എന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ബിജു മാത്യൂസിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിനുശേഷം സമയമുണ്ടല്ലോ എന്നാണ് എൽഡിഎഫിന്റെയും വിമത സംഘത്തിന്റെയും അഭിപ്രായം.
Tags : Nattuvishesham DistrictNews DeepikaNews Pala