ചേർത്തല: നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇതുമൂലം യാത്രക്കാരും നാട്ടുകാരും ആശങ്കയിലായി. ദേശീയപാത 66 ൽ ചേർത്തല 11-ാം മൈൽ മേൽപ്പാലത്തിലാണ് വന്‍ ഗർത്തം രൂപപ്പെട്ടത്. ടാര്‍ അടക്കം താഴേക്കു പതിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മേൽപാലത്തിലൂടെ വാഹനങ്ങൾ കുറച്ച് ദിവസങ്ങളായി കടന്നു പോകുന്നുണ്ട്. സൂപ്പർ ഫാസ്റ്റും കാറും കടന്നുപോയതിന്റെ പിന്നാലെയാണ് 10 അടി യോളം റോഡ് താഴ്ന്ന് പോയത്. വലിയ അപകടത്തിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെതുടർന്നാണ് പാലത്തിന്റെ റോഡ് ഉപരിതലത്തിൽ ഗർത്തം രൂപപ്പെട്ടതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഗർത്തം ശ്രദ്ധയിൽപ്പെട്ടതോടെ വാഹനയാത്രക്കാരും സമീപ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ ദേശീയപാത അഥോറിറ്റിയുടെയും ബന്ധപ്പെട്ട കരാർ കമ്പനികളുടെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അപകടസാധ്യത കണക്കിലെടുത്ത് ഗർത്തത്തിന് ചുറ്റും സുരക്ഷാ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ വൈകുന്നതും പ്രതിഷേധത്തിന് ഇടയാക്കി. വാഹനങ്ങൾ നിയന്ത്രിത വേഗത്തിൽ കടത്തിവിടുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ സ്ഥലത്ത് പ്രത്യേക നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കുഴി കോൺക്രീറ്റ് ഉപയോഗിച്ച് അടയ്ക്കാനുള്ള ശ്രമം മാത്രമാണ് ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് നാട്ടുകാർ പ്രതിഷേധിച്ചു. മേൽപ്പാലത്തിലൂടെ ദിവസേന നൂറുകണക്കിന് ചെറുവാഹനങ്ങളും ചരക്കുവാഹനങ്ങളും സർവീസ് ബസുകളും സഞ്ചരിക്കുന്നതിനാൽ ഗർത്തം വലിയ അപകടത്തിന് കാരണമായേക്കുമെന്ന ആശങ്ക നാട്ടുകാരും യാത്രക്കാരും പങ്കുവച്ചു. പ്രത്യേകിച്ച് രാത്രികാല യാത്രയിൽ ഗർത്തം ശ്രദ്ധയിൽപ്പെടാതെ പോകാനുള്ള സാധ്യത കൂടുതലായതിനാൽ അടിയന്തരമായി പരിഹാരം നടപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഗർത്തം രൂപപ്പെട്ടതോടെ മേൽപ്പാലം വഴിയുള്ള ഗതാഗതം നിരോധിച്ച് സർവീസ് റോഡുകൾ വഴിയാക്കി.
പാലത്തിന്റെ ഘടനാപരമായ സുരക്ഷയെക്കുറിച്ചും വിശദമായ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. മഴക്കാലത്ത് ദേശീയപാതകളിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്ാതിരിക്കാൻ സമയബന്ധിത പരിശോധനയും പരിപാലനവും ശക്തമാക്കേണ്ടതുണ്ടെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം, അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം പൂർണമായും സാധാരണ നിലയിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളും ട്രാഫിക് നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ തുടരുകയാണ്. ഗർത്തം കോൺക്രീറ്റ് ഉപയോഗിച്ച് താൽക്കാലികമായി അടയ്ക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഗർത്തം കുറച്ചു കൂടി വലുതാക്കി. അശാസ്ത്രീയമായ നിര്‍മാണമാണ് റോഡ് ഇടിയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സമീപപ്രദേശങ്ങളിലും പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham Districte News