മുക്കം: ഓൺലൈൻ കുഴൽപ്പണ തട്ടിപ്പിന്റെ പുതിയ പദ്ധതിയുമായി പുതിയ സംഘം വിലസുന്നത് ആശങ്കയുയർത്തുന്നു. ക്യുആർ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചാണ് യുവാക്കൾ ഉൾപ്പെടുന്ന സംഘത്തിന്റെ വൻ പണമിടപാട് തട്ടിപ്പ് വ്യാപകമാകുന്നത്. പമ്പുകളിലെ യുപിഐ ക്യുആർ കോഡുകൾ ദുരുപയോഗം ചെയ്ത് വ്യാജ പണമിടപാടുകൾ നടത്തിയാണ് സംഘം ലക്ഷങ്ങൾ തട്ടിയെടുക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഏതാണ്ട് പത്ത് ലക്ഷത്തിലധികം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. തട്ടിപ്പിനിരയായ ഭൂരിഭാഗം പമ്പുകളുടെയും ബാങ്ക് അക്കൗണ്ടുകൾ സൈബർ പോലീസ് മരവിപ്പിച്ചതായും പരാതിയുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, എംആർപിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പ്രമുഖ കമ്പനികളുടെ പമ്പുകളിലാണ് പ്രധാനമായും യുവാക്കൾ അടങ്ങുന്ന ഈ തട്ടിപ്പ് സംഘം വലവിരിച്ചിരിക്കുന്നത്.
കാറുകളിലെത്തുന്ന യുവാക്കളുടെ സംഘം ചെറിയ തുകയ്ക്ക് ഇന്ധനം അടിച്ച ശേഷം ഓൺലൈനായി പണം അയക്കാനായി പമ്പിലെ ക്യുആർ കോഡ് ആവശ്യപ്പെടും. തുടർന്ന് ഇവർ ഈ ക്യുആർ കോഡിന്റെ ചിത്രം മൊബൈൽ ഫോൺ വഴി മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ തട്ടിപ്പ് ശൃംഖലയ്ക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. നിമിഷങ്ങൾക്കകം ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇന്ധനം അടിച്ച തുകയേക്കാൾ വളരെ വലിയൊരു തുക പമ്പിന്റെ അക്കൗണ്ടിലേക്ക് വരും. പണം അക്കൗണ്ടിൽ കയറിയ ഉടൻ തന്നെ യുവാക്കൾ പമ്പ് ജീവനക്കാരോട് തുക മാറിപ്പോയതായും ബാക്കി തുക പണമായി തിരിച്ചു തരണം എന്ന് ആവശ്യപ്പെടുകയും ചെയ്യും.
പെട്ടെന്നുണ്ടാകുന്ന പരിഭ്രാന്തിയിൽ ജീവനക്കാർ ബാക്കി തുക കയ്യിൽ നിന്നും പണമായി നൽകുകയും ഈ പണവുമായി സംഘം ഉടൻ തന്നെ മുങ്ങുകയാണ് പതിവ്. വടക്കേ ഇന്ത്യയിലെ ഓൺലൈൻ തട്ടിപ്പുകാരിൽ നിന്നോ മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ തട്ടിയെടുക്കുന്ന പണമാണ് ഇത്തരത്തിൽ പമ്പുകളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുന്നത്.
ഇങ്ങനെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കള്ളപ്പണം അക്കൗണ്ടിൽ എത്തുന്നതോടെ, ആ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുന്ന സൈബർ പോലീസ് പമ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. ഇതോടെ ഒരേസമയം കയ്യിലെ പണവും നഷ്ടപ്പെട്ട്, ബാങ്ക് അക്കൗണ്ടുകളും ബ്ലോക്കായി ഇരട്ടി ദുരിതത്തിലായിരിക്കുകയാണ്പമ്പുടമകൾ.
വ്യാപകമായി ഇത്തരത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ പമ്പുടമകളുടെ സംഘടനകളും അധികൃതരും അന്വേഷണം ശക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ തട്ടിപ്പിനിരയായ പമ്പുടമകൾ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. അന്തർസംസ്ഥാന ബന്ധമുള്ള ഈ യുവാക്കളുടെ തട്ടിപ്പ് സംഘത്തെക്കുറിച്ച് കൃത്യമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Tags : Local News Nattuvishesham Kozhikode