പ്രതീകാത്മക ചിത്രം
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിന്റെ ഭാഗമായ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കടലാക്രമണത്തിനു ശാശ്വത പരിഹാരമാകുന്നു. സമുദ്രതീര സംരക്ഷണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര പുലിമുട്ട് നിര്‍മാണ പദ്ധതിയുടെ അടങ്കല്‍ തുക 644 കോടി രൂപയായി ജലവിഭവ വകുപ്പ് വര്‍ധിപ്പിച്ചതായി സി.ആര്. മഹേഷ് എംഎല്‍എ അറിയിച്ചു.
ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാതുരുത്ത് ബീച്ച് മുതല്‍ വടക്കോട്ട് അഴീക്കല്‍ ബീച്ച് വരെയുള്ള ഭാഗങ്ങളില്‍ ടെട്രോപോഡുകള്‍ നിക്ഷേപിച്ച് കടലേറിയുള്ള നാശനഷ്ടങ്ങള്‍ തടയുന്ന പുലിമുട്ട് പദ്ധതിക്കായാണ് പുതിയ രൂപരേഖ തയാറാക്കിയിരിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവും ജിഎസ്ടിയും ഉള്‍പ്പെടുത്തിയാണ് തുക പുനര്‍നിര്‍ണയിച്ചത്.
കിഫ്ബി ഫണ്ടുപയോഗിച്ച് സമഗ്ര പുലിമുട്ട് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ സാമ്പത്തികാനുമതിക്കായി പുതിയ പദ്ധതി സമര്‍പ്പിച്ചപ്പോള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി രണ്ടു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ കാലാവസാനത്തോടെ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍നിന്നുള്ള വായ്പ വഴി 173 കോടി രൂപ അനുവദിച്ചു.
ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജലവിഭവ വകുപ്പ് പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുകയും ആലപ്പാടിന്റെ എല്ലാ തീരദേശ ഭാഗങ്ങളെയും ഉള്‍പ്പെടുത്തി 583 കോടി രൂപയുടെ പദ്ധതിക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു.
നിലവില്‍ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മിഷന് ഡയറക്ടര്‍ തയാറാക്കിയ 644 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
ഒരു മാസത്തിനകം പദ്ധതിക്ക് ഭരണാനുമതി ലഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പദ്ധതി പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി ആലപ്പാട്ടുകാര്‍ അനുഭവിക്കുന്ന തീരദേശ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും എംഎല് പറഞ്ഞു.
Tags : Groin Project NattuVishasham DistrictNews