തൊടുപുഴ: ജില്ലയില്‍ തെരുവുനായയുടെ ആക്രമണം അനിയന്ത്രിതമായി തുടരുന്നു. ഇന്നലെ മാത്രം 13 പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. കുമളി കൊല്ലംപട്ടടയില്‍ കുട്ടികളും വൈദികനുമടക്കം നാലു പേര്‍ക്ക് കടിയേറ്റു.
തെരുവുനായ ആക്രമണം വര്‍ധിക്കുമ്പോഴും ജില്ലയില്‍ ആന്റി റാബീസ് ഇഞ്ചക്ഷൻ ലഭ്യമല്ല എന്നത് ആശങ്ക ഉയർത്തുകയാണ്. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ഈ വാക്സിന് ലഭ്യമല്ലാത്തതിനാല്‍ നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ കോട്ടയം മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ജില്ലയില്‍ ഈ വര്‍ഷം 2,665 പേര്‍ക്കാണ് നായ കടിയേറ്റത്. ജൂൺ മാസം 318 പേര് കടിയേറ്റ് ചികിത്സ തേടി. തെരുവു നായ്ക്കളും വളര്‍ത്തുനായ്ക്കളും ആക്രമണകാരികളില്‍ ഉള്‍പ്പെടും.
പ്രധാന ടൗണുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനത്തും ഉള്‍പ്പെടെ തെരുവു നായ്ക്കള്‍ വിഹരിക്കുകയാണ്. കുട്ടികള്‍ക്കു നേരെയാണ് നായ്ക്കളുടെ ആക്രമണം കൂടുതൽ.
നായ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും എബിസി സെന്റര്‍ നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല.
എബിസി സെന്റര്‍ ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയാണ് ഇടുക്കി.
കുമളിയില്‍ കുട്ടികളടക്കം നാലു പേര്‍ക്ക്
തെരുവുനായയുടെ കടിയേറ്റു
കുമളി: കുട്ടികളടക്കം നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കൊല്ലംപട്ടട സ്വദേശികളായ ശ്രീനന്ദു ദീപു(14), ജെസ്ന ടൈറ്റസ്(13), അനിരുദ്ധ് കുഴിക്കല്‍ (10) എന്നിവരെ തിങ്കളാഴ്ച രാത്രിയോടെയാണ് നായ കടിച്ചത്. കുട്ടികളുടെ കാലിനാണ് പരിക്കേറ്റത്. കൊല്ലം പട്ടട സിഎസ്ഐ പള്ളിയിലെ വൈദികനായ വിജയനുനേരേ ഇന്നലെ രാവിലെയാണ് നായയുടെ ആക്രമണമുണ്ടായത്. കുട്ടികളെ രാത്രി കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ഉണ്ടായിരുന്നില്ല.
കുമളിയിലും പീരുമേട് താലൂക്ക് ആശുപത്രിയിലും ആന്റി റാബീസ് വാക്സിൻ ഇല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. നായ കാട്ടിലേക്ക് ഓടിപ്പോയതായും പേബാധയുള്ളതായി സംശയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. അധികൃതര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ചികിത്സയ്ക്കുള്ള മരുന്നുകള്‍ ആശുപത്രിയില്‍ ലഭ്യമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ സുപ്രീംകോടതി ഉത്തരവ് നല്‍കിയിട്ടും അധികൃതര്‍ ഇക്കാര്യത്തില്‍ മൗനംപാലിക്കുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍നിന്നുയരുന്നത്.
Tags : Nattuvishesham Districte News