നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും നൂറുശതമാനം വിജയം നേടിയ സ്കൂളുകളേയും ആദരിക്കുന്നതിനായി ചേർന്ന സമ്മേളനം എം.ആർ. ബൈജു
മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിലെ സ്കൂളുകളിൽനിന്നും ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും, നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് പി ഷൺമുഖം അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങ് കാട്ടാക്കട നിയോജക മണ്ഡലം എംഎൽഎ എം.ആർ. ബൈജു ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നേമം ബ്ലോക്കിന്റെ അഭിമാനമായി മാറിയ നിരവധിയായ വിദ്യാർഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു.
നൂറു ശതമാനം വിജയം കൈവരിച്ചു മികച്ച നിലവാരം പുലർത്തിയ ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. തിരുവനന്തപുരം ജില്ല അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഹപുരാം ചടങ്ങിൽ മുഖ്യാതിഥിയായി.
പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദ, നേമം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയർമാൻ എ. സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈ.ജെ. നിഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ആർ. സുനു, വി അനിൽ കുമാർ, എൽ. അനിത, ഇന്ദുലേഖ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Thiruvananthapuram