ബിഷപ് സ്റ്റാന്‍ലി റോമന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.
ചവറ: ദൈവദാസന് ബിഷപ് ജെറോമിന്റെ 125-ാമത് ജന്മ വാര്‍ഷികാഘോഷത്തിന്റെ രൂപതാതല ആചാരണത്തിന് ജന്മദേശമായ കോയിവിള തുപ്പാശേരിയില്‍ കൊടിയേറി. മുന്‍ രൂപതാ അധ്യക്ഷന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍ പതാക ഉയര്‍ത്തി. രണ്ടാം വത്തിക്കാന്‍ സുനഹദോസില്‍ പങ്കെടുത്ത ജെറോം പിതാവിന് സഭയുടെ സാര്‍വത്രിക സന്ദേശം പ്രാദേശിക സംസ്കാരത്തിന് അനുയോജ്യമായ രീതിയില്‍ (ഭാഷ, ആചാരങ്ങള്‍, കല, സംഗീതം എന്നിവയിലൂടെ) അവതരിപ്പിക്കുന്നതിന്റെ പ്രാധാന്യം സുനഹദോസില്‍ അവതരിപ്പിക്കാന്‍ സാധിച്ചെന്ന് ബിഷപ് സ്റ്റാന്‍ലി റോമന്‍ അനുസ്മരിച്ചു.
സഭ ഭാരതത്തില്‍ ഭാരത സഭയായി ജനിക്കണമെന്ന നിലപാട് പിതാവ് സ്വീകരിച്ചു. വത്തിക്കാന്‍ സുനഹദോസ് വരെ ലത്തീന്‍ ഭാഷയിലായിരുന്നു ആരാധനക്രമം. വത്തിക്കാന്‍ സുനഹദോസില്‍ ലളിത വസ്ത്രം ധരിച്ച് ഭാരത സംസ്കാരത്തിന്റെ പവിത്രത പിതാവ് കാണിച്ചു കൊടുത്തതും സുനഹദോസില്‍ പങ്കെടുത്ത 2900 മെത്രാന്മാരില് പിതാവ് വേറിട്ടുനിന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു സംസ്കാരം ക്രൈസ്തവ സുവിശേഷത്തെയോ ആശയങ്ങളെയോ സ്വാംശീകരിക്കുകയും അതേസമയം, സുവിശേഷം ആ സംസ്കാരത്തിന്റെ തനിമയിലേക്ക് ആഴത്തില്‍ വേരൂന്നി പ്രചരിക്കുകയും ചെയ്യുന്ന ഇന്കള്ച്ചറേഷനു വേണ്ടി വലിയ സംഭാവന നല്കാന് ബിഷപ് ജെറോമിനായെന്നും ബിഷപ് സ്റ്റാന്‍ലി റോമന്‍ കൂട്ടിച്ചേര്‍ത്തു. വികാരി ജനറാൾ മോണ്‍. ഡോ. ബൈജു ജൂലിയാന് അധ്യക്ഷനായി.
മദര്‍ ജനറല്‍ സുജാ ജോഷ്വാ, സിസ്റ്റര്‍ ശാന്തി, ജോസ് വിമല്‍രാജ്, ജെയിന് ആന്‍സില്‍, ഫ്രാന്‍സിസ് ജെ. നെറ്റോ, ഇമേഴ്സന്, ബേബി സെബാസ്റ്റ്യന്‍, അഗസ്റ്റിന് തുപ്പാശേരി, പ്രഫ. എസ.് വര്‍ഗീസ്, സാലു ജോര്‍ജ്, ജേക്കബ് മൈക്കല്‍, നെല്‍സണ്‍ സി.പ്രിയന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Bishop Jerome.