ബോധവത്കരണ ക്ലാസ് നയിക്കുന്ന ഇരിട്ടി എസ്ഐ ശ്രീരാജു ജോസഫ്.
ഇരിട്ടി: മദ്യത്തിനും ലഹരിക്കുമെതിരേ കേരളത്തിലെ ആഭ്യന്തര വകുപ്പു നടപ്പിലാക്കികൊണ്ടിരിക്കുന്ന ഓപ്പറേഷൻ തൂഫാൻ വന്പിച്ച വിജയമാണെന്നും പോലീസ് സേനയോടൊപ്പം പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതിയുടെയും മുക്തി ശ്രീയുടെയും സംയുക്ത അതിരൂപത കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കണ്ണൂർ, കാസർഗോഡു ജില്ലകളിലെ ഓരോ പ്രധാന പ്രവർത്തകരും വോളന്റിയേഴ്സ് ആയി പ്രവർത്തിച്ച് ഈ ഉദ്യമത്തിന് സപ്പോർട്ടായി പ്രവർത്തിക്കണമെന്നും യോഗം ഓർമിപ്പിച്ചു. ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സേനാംഗങ്ങളെ യോഗം അഭിനന്ദിച്ചു. ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം വിളിച്ചുചേർത്ത് ലഹരിയുടെ ഉറവിടവും വ്യാപനവും തടയാനുള്ള സർക്കാർ തീരുമാനത്തിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി.
മദ്യവിരുദ്ധ സേനാംഗങ്ങൾക്ക് ഇരിട്ടി എസ്ഐ ശ്രീരാജു ജോസഫ് ക്ലാസ് നയിച്ചു. വിദ്യാർഥികളുടെ കുടുംബ സാഹചര്യങ്ങളും സാമൂഹ്യ ബന്ധങ്ങളുമാണ് അവരെ ലഹരിയിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ ജാഗ്രത അത്യന്താപേക്ഷിതമാണന്നും കുട്ടികളുടെ യാത്ര യും കൂട്ടുകെട്ടുകളും നിരീക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതിരൂപത എക്സികൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. മാടത്തിൽ പള്ളി വികാരി ഫാ. ജോർജ് കരോട്ട് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ അതിരൂപത ഡയറക്ടർ ഫാ. ജയ്സൺ കോലക്കുന്നേൽ, ആനിമേറ്റർ സിസ്റ്റർ ജോസ് മരിയ സിഎംസി, ഷിനോ പാറയ്ക്കൽ, സോളി രാമച്ചനാട്ട്, സോയി ജോസഫ് തങ്കമ്മ പാലമറ്റം, പുഷ്പ വെള്ളാപ്പാടം, ഷെൽസി കാവനാടി, ജോളി നടുത്തൊട്ടിയിൽ, സിനി കൊച്ചുപറത്താനത്ത്, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ജോസ് ചാരച്ചേരി, ജോസ് ചിറ്റേട്ട്, വിൻസെന്റ് മുങ്ങാട്ടുചുണ്ടയിൽ, സെബാസ്റ്റ്യൻ പെരുമ്പുഴ എന്നിവർ പ്രസംഗിച്ചു.
Tags : Operation Toofan Nattuvishesham District news