കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കണ്ടംപാറ ഭാഗത്ത് ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം കരയ്ക്ക് കയറ്റാനായി അഗ്നിരക്ഷാസേന പുഴയിലിറങ്ങി വടം കെട്ടി ശ്രമം നടത്തുന്നു.
കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കണ്ടംപാറ ഭാഗത്ത് ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം രണ്ടാം ദിവസവും കരയ്ക്കു കയറ്റനായില്ല. പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതും, ശക്തമായ കുത്തൊഴുക്കുമാണ് ജഡം കരയ്ക്കടുപ്പിക്കാൻ നേരിടുന്ന വെല്ലുവിളി. അഗ്നിരക്ഷാസേനയും വനപാലകരും ചേര്‍ന്ന് ഇന്നലെ രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ ജഡം വലിച്ചുകയറ്റാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.
പുഴയുടെ നടുവിലെ പാറയിലാണ് ജഡം കിടക്കുന്നത്. ഉദേശം 20 വയസ് പ്രായമുള്ള കൊമ്പന്റെ ജഡമെന്നാണ് നിഗമനം. ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. തൊലിയും മാംസവും അഴുകി തുടങ്ങിയ നിലയിലാണ്. രൂക്ഷഗന്ധവും ഉണ്ട്. പുഴയുടെ ഇരുതീരത്തുനിന്നും 100 മീറ്ററോളം അകലെയാണ് ജഡം കിടക്കുന്നത്.
പുഴ വെള്ളത്തിന്റെ തണുപ്പും ഇടവിട്ടുള്ള പാറക്കെട്ടുകളും ഇടക്കിടെ ജലനിരപ്പും ഒഴുക്കും കൂടുന്നതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട പ്രവൃത്തിക്കൊടുവില്‍ ആനയുടെ ജഡത്തില്‍ വടംകെട്ടി മരവുമായി ബന്ധിച്ച് നിര്‍ത്തിയിരിക്കുകയാണ്. കൂടുതല്‍ വെള്ളവും ഒഴുക്കും വന്നാല്‍ ജഡം താഴേക്ക് ഒഴുകി പോകാതിരിക്കാനാണ് കെട്ടിനിര്‍ത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജഡം കരയില്‍ എത്തിക്കാനുള്ള ശ്രമം തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam