കോഴിക്കോട്: വെസ്റ്റ് ഹില്ലിൽ എഴുപത്തിരണ്ടാം നമ്പർ വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയോട് ചേർന്ന് വൻതോതിൽ മാലിന്യം തള്ളുകയാണെന്ന പരാതിയിൽ ഒരാഴ്ചക്കകം മാലിന്യം നീക്കം ചെയ്ത് രേഖാമൂലം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂ നാഥ്.
വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒരു മാനദണ്ഡവുമില്ലാതെയാണ് മാലിന്യം തള്ളുന്നത്. കുരുന്നുകൾക്ക് മൂക്കുപൊത്താതെ ഇവിടെ കഴിയാനാവില്ല. എന്നാൽ മാലിന്യങ്ങൾ നീക്കം ചെയ്തുവെന്ന് കോർപറേഷൻ പറയുന്നതായി വാർത്തയിൽ പറയുന്നു. ഹോട്ടൽ മാലിന്യം മുതൽ ശുചി മുറി മാലിന്യം വരെ ഇവിടെയുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു.
പ്ലാസ്റ്റിക് മാലിന്യം വരെ ഇവിടെ കുഴി വെട്ടി മൂടുന്നതായി ആരോപണമുണ്ട്. ഹരിത കർമ്മസേന താത്കാലികമായി ശേഖരിച്ച മാലിന്യം മാത്രമാണ് ഇവിടെയുള്ളതെന്നാണ് അധികൃതരുടെ ഭാഷ്യം. 23ന് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Tags : Local News Nattuvishesham Kozhikode