നെയ്യാറ്റിൻകര : ചേറു നിറഞ്ഞ വിശാലമായ പാടത്ത് ആദ്യമായാണ് ഈ വിദ്യാര്‍ഥികള്‍ ഇറങ്ങുന്നത്. വരിവരിയായി നിന്ന് അവര്‍ ഞാറു നട്ടപ്പോള്‍ ആ മുഖങ്ങളില്‍ ആത്മാര്‍ഥമായ സന്തോഷത്തിന്റെ തെളിച്ചം നിറഞ്ഞു. കാലുകളിലും കൈകളിലും ദേഹത്തുമാകെ ചെളി പുരണ്ടെങ്കിലും മുതിര്‍ന്നവരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി പാലിച്ച് അവര്‍ ദൗത്യം പൂര്‍ത്തിയാക്കി.
ഇടയ്കിടയ്ക്ക് പെയ്തും അല്‍പ്പാല്‍പ്പമായി തോര്‍ന്നും മഴ നാട്ടിലെ കുട്ടിക്കര്‍ഷകരുടെ ഹരിതോത്സാഹത്തിന് ആവേശം വര്‍ധിപ്പിച്ചു. പുതുതലമുറക്കാരില്‍ കാര്ഷികാഭിരുചിയും പരിസ്ഥിതിയാഭിമുഖ്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെങ്കല്‍ സായി കൃഷ്ണ പബ്ലിക് സ്കൂളാണ് വിദ്യാര്‍ഥികള്‍ക്കായി ഞാറുനടീല്‍ ഉത്സവം സംഘടിപ്പിച്ചത്. കാര്‍ഷിക സംസ്കാരത്തിന്റെ പെരുമ വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഏക്കറോളം വയല്‍ സ്കൂള്‍ നേരത്തെ വാങ്ങിയിട്ടുണ്ട്. സ്കൂളിനു സമീപത്തുതന്നെയാണ് ഈ പാടശേഖരം.
സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്ന രീതിയാണ് തുടര്‍ന്നുപോരുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ഞാറു നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ രാജശേഖരന്‍നായര്‍ നിര്‍വഹിച്ചു. നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അക്കാദമിക് ഡയറക്ടര്‍ ആര്. രാധാകൃഷ്ണന്, പ്രിന്‍സിപ്പല്‍ ടി. രേണുക എന്നിവരും അധ്യാപകരും രക്ഷിതാക്കളും സംബന്ധിച്ചു. സ്കൂളിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ പച്ചക്കറികൃഷിയും മുന്‍ അക്കാദമിക് വര്‍ഷങ്ങളില്‍ വിജയകരമായി നടത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ തന്നെയാണ് കൃഷി പരിപാലന കാര്യങ്ങള്‍ ചെയ്യുന്നത്. അധ്യാപകരും കൃഷി ഭവന് ഉദ്യോഗസ്ഥരും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. വിദ്യാര്‍ഥികള്‍ കൃഷി ചെയ്യുന്ന നെല്ലിന്റെ വിളവ് അവര്‍ക്ക് തന്നെയാണ് നല്‍കുന്നത്. പച്ചക്കറി കൃഷി ചെയ്തപ്പോഴും അങ്ങനെയായിരുന്നു. ഓണക്കാലം കൂടി ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നെല്‍കൃഷി തുടങ്ങിയത്. സ്കൂളില്‍ വിദ്യാര്‍ഥികളുടെ കര്‍ഷക ക്ലബ്ബും സജീവമാണ്.