തിരുവനന്തപുരം: ഉടുത്തുപഴകിയ സാരികള്‍ ഇനി ഒരു പാഴ്വസ്തുവല്ല. അതിനെ മനോഹരമായ കയറാക്കി മാറ്റുന്ന ഒരാള്‍ തലസ്ഥാനത്തുണ്ട്. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശി ഗോപിനാഥന് (76) ആണ് പഴന്തുണിയിലും പ്ലാസ്റ്റിക് കവറിലുമൊക്കെ കയറുണ്ടാക്കി നാട്ടില്‍ താരമായി മാറിയത്.
25 വര്‍ഷം മുമ്പ് ഹൃദ്രോഗത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലേക്ക് മാറിയപ്പോഴാണ് ഗോപിനാഥന് സാരികൊണ്ട് കയര്‍ നിര്‍മിച്ചു തുടങ്ങിയത്. രണ്ടു പോളിയെസ്റ്റര്‍ സാരി കൊണ്ടുവന്നാല്‍ ഒരു മണിക്കൂറില്‍ വലിയ കയറുമായി മടങ്ങാം, ഇതാണ് ഗോപിനാഥന്റെ ഉറപ്പ്. സ്വന്തമായി കണ്ടെത്തിയ കയര്‍ നിര്‍മാണ രീതിയാണ് ഗോപിനാഥന്റേത്. എത്ര ആഞ്ഞുവലിച്ചാലും പൊട്ടാത്ത കയറാണ് ഈ വയോധികന് നിര്‍മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി നിര്‍മിച്ച കയറിന്റെ ബലം പരീക്ഷിക്കുന്നതിനായി ആദ്യം പശുവിന്റെ കഴുത്തിലിട്ടു.
വീണ്ടും ഉറപ്പാക്കാനായി കിണറ്റില്‍ നിന്നു വെള്ളം കോരി. പരീക്ഷണം വിജയിച്ചതോടെ ഗോപിനാഥന് സാരികള്‍ കയറാക്കി മാറ്റിത്തുടങ്ങി. സാരിയുടെ ഉറപ്പില്‍ വിശ്വാസക്കുറവുണ്ടെങ്കില്‍ കയര്‍ പൊട്ടിക്കാന്‍ പന്തയത്തിനും തയാറെന്ന് ഗോപിനാഥന്..! സാരിക്കയര് വിജയിച്ചതോടെ, പ്ലാസ്റ്റിക് ചാക്ക്, കൊതുകുവല, സാമ്പ്രാണിതിരി പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക് കവര്‍ എന്നിവയെല്ലാം ഗോപിനാഥന് കയറാക്കി മാറ്റാന്‍ തുടങ്ങി. ആര്‍ക്കെങ്കിലും കയര്‍ നിര്‍മാണം പഠിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ സൗജന്യമായി പഠിപ്പിക്കാന്‍ ഗോപിനാഥന് തയാറാണ് ..!