കല്ലിയൂർ കുളങ്ങരയിൽ ചെണ്ടുമല്ലി കൃഷി ചെയ്യുന്ന കർഷകരായ റോസ്ലെറ്റ് രാജി, ഷീജ എന്നിവർ.
വർഷം മുഴുവൻ പച്ചക്കറികൾ മാത്രം കൃഷി ചെയ്തിരുന്ന ശ്രീലത കഴിഞ്ഞ വർഷമാണ് വ്യത്യസ്ഥമായ കൃഷിയിലേക്കു തിരിഞ്ഞത്. ചെണ്ടുമല്ലി കൃഷി, അഥവാ ജമന്തി കൃഷി. ആദായകരമായ ഒരു കൃഷി എന്ന നിലയ്ക്കല്ല, മറിച്ച് ഒരു പ്രത്യേക താൽപര്യത്തിനു തുടങ്ങിവച്ചതാണിത്. എന്നാൽ പുഷ്പകൃഷിയിലൂടെ ലഭിക്കുന്ന സന്തോഷവും അംഗീകാരവും വളരെ വലുതാണെന്നു തിരുവനന്തപുരം ജില്ലയിലെ കർഷക ഗ്രാമമായ കല്ലിയൂരിൽ പുഷ്പ കൃഷി ചെയ്യുന്ന ശ്രീലത പറയുന്നു.
വർഷം മുഴുവൻ പുഷ്പ കൃഷിയുണ്ടെങ്കിലും പ്രധാനമായും ഓണവിപണി ലക്ഷ്യമാക്കിയാണ് ശ്രീലതയും സംഘവും പുഷ് പകൃഷി നടത്തുന്നത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി തൈകളാണ് ഇവിടെ നട്ടിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ കൃഷിഭവനു കീഴിലെ കുളങ്ങര എന്ന സ്ഥലത്താണ് ശ്രീലതയും ശ്രീലതയോടൊപ്പമുള്ള വനിതാ കൂട്ടായ്മയും കൃഷി നടത്തുന്നത്. എല്ലാ സഹായവുമായി ഭർത്താവ് രവീന്ദ്രനും ഒപ്പമുണ്ട്. മകൻ ശ്രീജിത്തിനും കൃഷിയോട് ഏറെ താൽപര്യമാണ്. അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലാണു പൂക്കൾക്ക് കേരളത്തിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളതെന്നു ശ്രീലത പറയുന്നു.
ആരോഗ്യമുള്ള ചെടിയിൽനിന്ന് ശരാശരി 250 മുതൽ 350 ഗ്രാം വരെ പൂക്കൾ ലഭിക്കും. ശ്രദ്ധാപൂർവം കൃഷിചെയ്താൽ പുഷ്പകൃഷി ലാഭകരമാക്കാൻ കഴിയും. ശ്രദ്ധവച്ചാൽ നമുക്കാവശ്യമുള്ള പൂക്കൾ നമ്മുടെ കൃഷിയിടത്തിലും വീട്ടുമുറ്റത്തും മട്ടുപ്പാവിലുമൊക്കെയായി വിരിയിച്ചെടുക്കാമെന്നാണ് ശ്രീലത പറയുന്നത്.
ജൈവവൈവിധ്യ സംരക്ഷണം
കൃഷിയിടത്തിലെ ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കുന്നതിനു കർഷകർ വഹിക്കുന്ന പങ്ക് ചെറുതല്ല. ജൈവവൈവിധ്യം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനും പുഷ്പ കൃഷിയിലൂടെ സാധിക്കുമെന്നു കല്ലിയൂരിൽ ശ്രീലതയ്ക്കൊപ്പം പുഷ്പ കൃഷി ചെയ്യുന്ന രാജിയും പറയുന്നു. പൂമൊട്ടാകുന്നതു മുതൽ ചിത്രശലഭങ്ങളും മറ്റും തോട്ടത്തിൽ സജീവമാകും. ഇതിനു പുറമേ വിവിധയിനം തുന്പികളും ശലഭങ്ങളുമെത്തും. പൂ വിരിയുന്നതോടെ പൂന്പൊടി ശേഖരിക്കുന്നതിനായി തേനീച്ചകളും എത്തുന്നതോടെ തോട്ടത്തിൽ ജീവന്റെ തുടിപ്പ് കാണാം.
പരന്പരാഗതമായി ലഭിച്ച അറിവുകൾ പുഷ്പകൃഷിക്ക് ഏറെ സഹായകരമായെന്നും രാജി പറയുന്നു. പുഷ്പകൃഷിയുടെ അറിവുകൾ പുതിയ തലമുറയിലേക്ക് പകരുന്നതിനും ഇവർക്കു കഴിയുന്നുണ്ട്. പുതിയ തലമുറയിൽപ്പെട്ട നിരവധി പേരാണ് പുഷ്പകൃഷിയുടെ വിശേഷങ്ങളും അറിവുകളും തിരക്കി ദിവസവും ഈ വനിതാ കർഷകരെ കാണുന്നത്. ശ്രീലതയ്ക്കൊപ്പം റോസ്ലെറ്റ് രത്നം, സ്വർണലേഖ, ഷീജ എന്നിവരും ചേർന്നാണ് രാജി ഇവിടെ കൃഷി ചെയ്യുന്നത്.
വിത്തു മുളപ്പിച്ച തൈകൾ
വിത്തുമുളപ്പിച്ച തൈകളാണ് ഇവിടെ നടാൻ ഉപയോഗിക്കുന്നതെന്നു കല്ലിയൂർ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു പറയുന്നു. പരപരാഗണ സ്വഭാവമുള്ളതിനാൽ വിത്തുപയോഗിച്ച് കൃഷിചെയ്യുന്പോൾ പൂക്കളുടെ പ്രതീക്ഷിക്കുന്ന നിറത്തിൽ മാറ്റമുണ്ടാകാം. അതു മാത്രമല്ല നാടൻ വിത്തുകൾ മുളപ്പിച്ച് വളർത്തിയ ചെടികളുടെ പൂവിനു വലിപ്പം കുറവായതിനാൽ വിപണന സാധ്യതയും കുറയും.
എന്നാൽ ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്താൽ കൂടുതൽ വിളവു ലഭിക്കും. ആറു മുതൽ 10 സെന്റീമീറ്റർ വരെ നീളമുള്ള ഇളം തണ്ടുകൾ മുറിച്ച് വേരുപിടിപ്പിച്ചശേഷം കൃഷിയിടത്തിലേക്ക് നട്ടും പൂക്കൾ ഉൽപ്പാദിപ്പിക്കാം. എന്നാൽ വ്യാവസായിക കൃഷിക്ക് തണ്ടുമുറിച്ചു വേരുപിടിപ്പിച്ച് നടുന്ന കൃഷിരീതി പ്രായോഗികമല്ലെന്നും അദ്ദേഹം പറയുന്നു.
സ്വദേശിയല്ല, വിദേശി
ആഫ്രിക്കൻ ചെണ്ടുമല്ലിയും, ഫ്രഞ്ച് ചെണ്ടുമല്ലിയുമാണ് ഇവിടെ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങൾ. ഇതിൽ ഓണക്കാലത്തെ പുഷ്പ കൃഷിക്ക് അനുയോജ്യമായ ഇനം ആഫ്രിക്കൻ ചെണ്ടുമല്ലിയാണെന്ന് ഇവിടുത്തെ വനിതാ കർഷകർ സാക്ഷ്യപ്പെടുത്തുന്നു. മഞ്ഞ, ഓറഞ്ച്, സ്വർണവർണം, വെള്ള നിറങ്ങളിൽ ആഫ്രിക്കൻ ചെണ്ടുമല്ലിയിനത്തിൽ പൂക്കളുണ്ടാകും.
കട്ടിയുള്ള ഇതളുകളും ഉരുണ്ടതുമായ പൂക്കളാണ് ആഫ്രിക്കൻ ചെണ്ടുമല്ലിക്ക്. ആയതിനാൽ ഒരു കിലോ പൂവിനായി 15 മുതൽ 25 പൂക്കൾ മതിയാവും. ആഫ്രിക്കൻ ചെടികൾ ഏകദേശം രണ്ടര അടി ഉയരത്തിൽ വളരും. ഫ്രഞ്ച് ചെണ്ടുമല്ലിയിൽ പല നിറങ്ങളിലുള്ള പൂക്കൾ ലഭിക്കുമെങ്കിലും അലങ്കാര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ വാണിജ്യക്കൃഷിക്കും വീട്ടിൽ വളർത്താനും അനുയോജ്യമായ ഇനമാണ് ആഫ്രിക്കൻ ചെണ്ടുമല്ലി.
അധ്വാനമുള്ള ജോലി
വിത്ത് നടാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ച് ഒരടി ഉയരത്തിൽ ബെഡ് തയാറാക്കുകയാണ് ചെണ്ടുമല്ലി കൃഷിയുടെ ആദ്യപടി. തുടർന്ന് മണലിൽ ചാണകപ്പൊടി, കന്പോസ്റ്റ്, കോഴിവളം, ട്രൈക്കോഡെർമ എന്നിവ ചേർത്ത് ഇളക്കി നിരപ്പാക്കിയശേഷം തൈകൾ നടും. ഇവർ തന്നെ മുളപ്പിച്ച തൈകളാണ് ഇവിടെ ഉപയോഗിക്കുന്നത്. നഴ്സറികളിൽ പ്രോട്രേകളിൽ പാകിമുളപ്പിച്ചും വ്യാവസായികാടിസ്ഥാനത്തിൽ തൈകൾ ഉൽപ്പാദിപ്പിക്കുണ്ട്. 3:1 എന്ന അനുപാദത്തിൽ നാര് കളഞ്ഞ ചകിരിച്ചോറ് കന്പോസ്റ്റ്, ഉണക്കിപൊടിച്ചെടുത്ത ചാണകപ്പൊടി അല്ലെങ്കിൽ കന്പോസ്റ്റ് എന്നിവ ചേർത്ത് പ്രോട്രേകളിൽ നിറച്ച് അതിൽ വിത്തുപാകിയാണ് തൈകൾ മുളപ്പിച്ച് വളർത്തിയെടുക്കുന്നത്. ചെടികളുടെ വളർച്ചയ്ക്ക് നല്ലരീതിയിൽ സൂര്യപ്രകാശം ആവശ്യമാണ്. സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ തൈകൾ സൂര്യപ്രകാശം ഉള്ള ഭാഗത്തേക്ക് നീണ്ടുവളർന്നു വരും.
ഒരു സെന്റിൽ 100 തൈകൾ
ഒരു സെന്റ് സ്ഥലം കൃഷി ചെയ്യാനായി ഏകദേശം 100 തൈകളാണ് വേണ്ടിവരുന്നത്. സ്ഥലം നന്നായി കിളച്ചശേഷം കട്ടകൾ ഉടച്ച് ഒരു സെന്റിനു രണ്ടുമൂന്നു കിലോ കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർത്ത് മണ്ണിളക്കും. 10 മുതൽ 15 ദിവസത്തിനുശേഷം ഒന്നര മുതൽ രണ്ടടിവരെ അകലത്തിൽ ചാലുകൾ എടുക്കും. ഒരു കൈക്കോട്ട് താഴ്ചയിൽ എടുത്ത ചാലിൽ മേൽമണ്ണി നൊപ്പം ചാണകമോ കന്പോസ്റ്റോ മറ്റ് ജൈവവളമോ ഇട്ട് ഇളക്കി ചേർത്താ ണ് തൈകൾ നടുന്നതിനായി സ്ഥലം ഒരുക്കുന്നത്. ഒരു സെന്റിന് 100 മുതൽ 150 കിലോ ജൈവവളം അടിവളമായി നൽകും. രണ്ടു ചെടികൾ തമ്മിൽ 45 സെന്റീമീറ്റർ അകലത്തിലാണ് നടുന്നത്. കൃഷിയിടത്തിലേക്ക് പറിച്ചുനടുന്ന തൈകൾക്ക് നല്ല കരുത്തുണ്ടായിരിക്കണം. രോഗകീടബാധയില്ലാത്ത തൈകളാണ് നടാനായി തെരഞ്ഞെടുക്കുന്നത്. വൈകുന്നേരം സമയങ്ങളിൽ പറിച്ചുനടുന്നതാണ് നല്ലതെന്നാണ് ഇവർ പറയുന്നത്.
തലപ്പ് നുള്ളണം
തൈകൾ പറിച്ചുനട്ട് 25-30 ദിവസം കഴിയുന്പോൾ തലപ്പ് നുള്ളിക്കളയണം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വശങ്ങളിൽ നിന്നും കൂടുതൽ ശിഖരങ്ങൾ ഉണ്ടായി നന്നായി പൂക്കാൻ സഹായിക്കും. പുതുതായി വരുന്ന ഓരോ ശിഖരത്തിലും ധാരാളം മൊട്ടുകളുണ്ടായി കൂടുതൽ പൂക്കൾ ലഭിക്കുകയും ചെയ്യും. മഴക്കാലമായതിനാൽ ചെടികൾ മറിഞ്ഞുവീണ് പൂക്കൾ നാശമാകാതിരിക്കാൻ ചെറിയ കന്പുകൾവച്ച് താങ്ങ് കെട്ടിക്കൊടുക്കുന്ന രീതിയുമുണ്ട്. തൈ നട്ട് 40 മുതൽ 45 ദിവസത്തിനുള്ളിൽ പൂക്കൾ വിരിയാൻ തുടങ്ങും. പൂക്കൾ വിരിയാനുള്ള ലക്ഷണം കണിച്ചു തുടങ്ങുന്പോൾ മുതൽ അതീവ ശ്രദ്ധവേണം. പിന്നീടുള്ള വളപ്രയോഗത്തിലും ജലസേചനത്തിലുമെല്ലാം വളരെ ശ്രദ്ധ വേണം.
കീടബാധ സൂക്ഷിക്കണം
കീട ബാധയേൽക്കാൻ ഏറെ സാധ്യതയുള്ള കൃഷിയാണ് ചെണ്ടുമല്ലി കൃഷിയെന്നു ശ്രീലത പറയുന്നു. വിവിധ കീടങ്ങളുടെ ശല്യം വിവിധ ഘട്ടങ്ങളിലുണ്ടാകും. വിട്ടിൽ ശല്യമാണ് ഇതിൽ പ്രധാനം. ഫംഗസ്, മൂട്ചീയൽ എന്നീ പ്രശ്നങ്ങളുമുണ്ട്. അതിനാൽ തന്നെ കൃത്യസമയത്ത് പരിചരണം ആവശ്യമാണ്. ജലസേചനവും വളരെ പ്രധാനമാണ്. ഇത് കൂടാനോ കുറയാനോ പാടില്ല. ശാസ്ത്രീയമായ രീതിയിൽ വളപ്രയോഗം നടത്തിയാൽ തൈ നട്ട് 40 ദിവസം മുതൽ പൂവ് പറിക്കാൻ കഴിയും. 60 ദിവസം മുതൽ ധാരാളം പൂക്കൾ ലഭിച്ചു തുടങ്ങും. ഒരു ചെടിയിൽ നിന്ന് രണ്ടു കിലോ പൂവ് വരെ ലഭിക്കുമെന്നാണ് ഈ വനിതാ കർഷകർ സാക്ഷ്യപ്പെടുത്തുന്നത്.