കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് രംഗത്തിറങ്ങി
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് നടത്തുന്ന 'ഓപറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്' പരിശോധനയുടെ ഭാഗമായി ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 57 മയക്കുമരുന്ന് കേസുകള്‍. 58 പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു.
സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലി, ഡപ്യൂട്ടി കമ്മിഷണര്‍ പദം സിംഗ്, നര്‍കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ എം.എം. അബ്ദുല്‍ കരീം, കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മിഷണര്‍ സുമേഷ്, സിറ്റി പോലീസ് പരിധിയിലെ മറ്റു പോലീസ് സ്റ്റേഷന് പരിധികളില്‍ അതാത് അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെയും ഇന്‍സ്പെക്ടര്‍മാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍, പുതിയ ബസ് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി. മയക്കുമരുന്ന് കൂടാതെ ചിലരില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. ഓപ്പറേഷന് തൂഫാൻ ഭാഗമായുള്ള സ്പെഷല്‍ ഡ്രൈവ് പുലര്‍ച്ചെ വരെ നീണ്ടുനിന്നതായി പോലീസ് അറിയിച്ചു.
ഓപ്പറേഷന് തൂഫാന് ആരംഭിച്ച ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ രാവിലെ വരെ നടന്ന പരിശോധനയില്‍ 17.143 കിലോ ഗ്രാം കഞ്ചാവും 342.227 ഗ്രാം എംഡിഎംഎയും 15.15 ഗ്രാം മെത്താഫെറ്റമിനും 8.67 ഗ്രാം ബ്രൗണ്‍ ഷുഗറും 97.62 ഗ്രാം ഹാഷിഷ് ഓയിലും നാലിടങ്ങളില്‍ നിന്നായി കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു. ഇതുവരെ 738 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് 759 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു.
Tags : Local News Nattuvishesham Kozhikode