പ്രതീകാത്മക ചിത്രം
മാനന്തവാടി: സ്കൂൾ ഒളിന്പിക്സിന്റെ ഭാഗമായി മാനന്തവാടി മൈസൂരു റോഡിലെ എബിഎ ബോക്സിംഗ് അക്കാദമിയിൽ നടന്ന ജില്ലാതല ബോക്സിംഗ് മത്സരത്തിനിടെ വിദ്യാർഥികളെയും കോച്ചിനെയും മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് യംഗ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കണ്‍വീനർ കെ.എസ്. മുഹമ്മദ് സകരിയ്യ ആവശ്യപ്പെട്ടു.
മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിനെത്തിയ ആറ് വിദ്യാർഥികൾക്ക് മർദനത്തിൽ പരിക്കേറ്റതായും ഒരാളുടെ കാലിന് പൊട്ടലുണ്ടായതായും മറ്റു വിദ്യാർഥികൾക്ക് തോളിലും തലയിലും താടിയെല്ലിലും ഇടുപ്പിലും പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ വിദ്യാർഥികൾ ചികിത്സയിലാണ്. ഗുരുതരമായ അക്രമത്തിനാണ് വിദ്യാർഥികൾ ഇരയായത്. കോച്ചിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആറ് കായികതാരങ്ങളിൽ രണ്ട് പേർ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണെന്നും ഇവർക്കും ആക്രമണവും അപമാനവും നേരിടേണ്ടി വന്നത് അംഗീകരിക്കാനാവില്ലെന്നും കെ.എസ്. മുഹമ്മദ് സകരിയ്യ പറഞ്ഞു.
ജില്ലാതല കായിക മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ സംഭവം ഗൗരവത്തോടെ അന്വേഷിക്കണം. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യംഗ് ഡെമോക്രാറ്റ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം എം. അഫ്സൽ, മാനന്തവാടി അസംബ്ലി ട്രഷറർ സി.കെ. സൈനുദ്ദീൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Tags : District News Nattuvishesham students coach boxing match