ചെങ്ങന്നൂർ: ഭർത്താവിന്റെ സംസ്കാരച്ചടങ്ങ് സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരണത്തിന് കീഴടങ്ങി. ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി.സി. ചെറിയാന്റെ(88) സംസ്കാരച്ചടങ്ങുകൾക്കിടെയാണ് ഭാര്യ ഐവി ചെറിയാൻ (82) എറണാകുളത്തുവച്ച് മരിച്ചത്.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇരുവരും എറണാകുളത്ത് കെയർഹോമിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പി.സി. ചെറിയാൻ അന്തരിച്ചത്. ഇന്നലെ രാവിലെ 10.30ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കല്ലറയിൽ സംസ്കരിക്കുന്നതിനിടെയാണ് ഭാര്യയുടെ വിയോഗം സംഭവിച്ചത്.
റാന്നി പുല്ലംപള്ളിൽ കുടുംബാംഗമാണ് ഐവി ചെറിയാൻ. ഇവരുടെ മൃതദേഹം ഇന്നലെ ഭർത്താവിനെ അടക്കം ചെയ്ത പഴയ സുറിയാനി പള്ളിയിലെ അതേ കല്ലറയിൽത്തന്നെ സംസ്കരിച്ചു.
മക്കൾ: ആശാ മാത്യു, ഉഷ വർഗീസ് (ഓസ്ട്രേലിയ), ഷീല തോമസ്, സുരേഷ് ചെറിയാൻ (കാനഡ). മരുമക്കൾ: വർഗീസ് ജേക്കബ് (ചിറ്റേത്ത്, മല്ലപ്പള്ളി), തോമസ് ജോൺ (കൊച്ചുമണ്ണിൽ, തിരുവല്ല), ബ്ലസി സുരേഷ് (പട്ടരുകണ്ടത്തിൽ, വാകത്താനം), പരേതനായ തോമസ് മാത്യു (മാമ്പഴത്തുണ്ടിയിൽ, ചെങ്ങന്നൂർ).