ആലപ്പുഴ: നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ അനാവശ്യവിഷയങ്ങൾ ഉയർത്തി ആലപ്പുഴയുടെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്. മാലിന്യവിഷയമുയർത്തി പ്രതിപക്ഷം രണ്ട് കൗൺസിൽ യോഗം അലങ്കോലപ്പെടുത്തിയത് വിശദീകരിച്ച് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം ചെയർപേഴ്സൺ വ്യക്തമാക്കിയത്. ജൂൺ 27നും ഇന്നലെയും നടന്ന കൗൺസിൽയോഗം അനാവശ്യമായി തർക്കം ഉന്നയിച്ച് പ്രതിപക്ഷം നിരന്തരമായി തടസപ്പെടുത്തുകയാണ്.
ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിവിധ പദ്ധതികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗമാണ് പ്രതിപക്ഷം തടസപ്പെടുത്തിയത്. ഇത് വികസന പ്രവർത്തനങ്ങൾ തകിടം മറിക്കാനുള്ള പ്രതിപക്ഷത്തിന്റെ ബോധപൂർവമായ ശ്രമമാണ്. ആലപ്പുഴ ബീച്ച് കാർണിവലിന്റെ പേരിൽ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി ആരോപണത്തിൽ ഏത് അന്വേഷണം നേരിടാനും തയാറാണ്. ബീച്ച് കാർണിവലുമായി ബന്ധപ്പെട്ട കാര്യം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ പോലും അവസരമുണ്ടാക്കുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തോൽവിക്കുശേഷമാണ് പ്രതിപക്ഷ കൗൺസിലർമാർ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. നഗരം മാലിന്യക്കൂമ്പാരമാണെന്നാണ് എൽഡിഎഫ് കൗൺസിലർമാരുടെ പ്രചാരണം. ശുചീകരണത്തിന് ജില്ലയിൽ നഗരസഭയ്ക്ക് ഒന്നാംസ്ഥാനമാണുള്ളത്.
ആലിശേരി വാർഡിലെ എയ്റോബിക്സ് യൂണിറ്റിൽ മാലിന്യശേഖരവുമായി ബന്ധപ്പെട്ട് ചില കൗൺസിലർമാർ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. വീടുകളിൽനിന്നുള്ള രണ്ടുകിലോ മാലിന്യം വരെയാണ് നിലവിൽ ശേഖരിക്കുന്നത്. 12 കിലോയോളം വരുന്ന ഹോട്ടൽ മാലിന്യം ശേഖരിക്കാനാവില്ലെന്ന് പറഞ്ഞതോടെയാണ് വിഷയം മാലിന്യപ്രശ്നമായി ഉയർത്തുന്നത്. ഹോട്ടൽ മാലിന്യം ശേഖരിക്കാൻ വേറെ ഏജൻസിയെ നിയമിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണസമിതി അധികാരമേറ്റിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞഭരണസമിതി വീടുകളുടെ അറ്റകുറ്റപ്പണിക്കായി ഒരുവാർഡിൽ 40പേർക്ക് 40,000 വീതം നൽകുന്ന പദ്ധതി ആവിഷ്കരിച്ചിരുന്നു.
ഇതിൽ പകുതി തുകമാത്രമാണ് നൽകിയത്. ബാക്കിയുള്ള 20,000 രൂപ ഇനിയും കൊടുക്കാനുണ്ട്. പദ്ധതിക്കുവേണ്ടി 4.21 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. എസ്ടി കുട്ടികളുടെ പഠനോപകരണവിതരണത്തിന് ആറുലക്ഷം, എസ്സി ഭവനപദ്ധതിക്ക് 13 ലക്ഷം, അതിദരിദ്രർക്ക് സേവനത്തിന് 10ലക്ഷം, ഭിന്നശേഷികുട്ടികളുടെ ബഡ്സ് സ്കൂളിന് എട്ട് ലക്ഷം, ജനറൽ ആശുപത്രിയിൽ വൃക്കരോഗികളുടെ ഡയാലിസിനും മറ്റ് ചികിത്സദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്.
ആലപ്പുഴ ബീച്ചിലെ വിനോദസഞ്ചാരത്തിനായി നാലുകോടിയുടെ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ജ്യോതിമോൾ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ആർ.ആർ. ജോഷിരാജ്, കൗൺസിലർ ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു.
കൗൺസിലർമാരുടെ അവകാശങ്ങൾ
നിഷേധിക്കുന്നു: പ്രതിപക്ഷ നേതാവ്
ആലപ്പുഴ: നഗരസഭ തുടർച്ചയായി കൗൺസിലിൽ അജണ്ടകൾ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കിയതായി അറിയിച്ച് സഭ പിരിയുന്നത് ആവർത്തിക്കുന്നെന്നും കൗൺസിലറന്മാരുടെ അവകാശങ്ങൾ ഭരണപക്ഷം നിഷേധിക്കുകയാണന്നും നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു. കൗൺസിൽ യോഗം ചേരുമ്പോൾ സഭയിൽനിന്നും ഒളിച്ചോടുന്ന നടപടി ചെയർപേഴ്സണും ഭരണപക്ഷവും അവസാനിപ്പിക്കണം. ന്യായമായ നഗരസഭ അംഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാത്ത ഭരണാധിാരികളുടെ നിലപാടുകൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ പാസായതായി പ്രഖ്യാപിച്ച നാല് അജണ്ടകൾ നിയമപ്രകാരം പാസായിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചതിനെതുടർന്ന് അജണ്ടകൾ കൗൺസിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം നിരാകരിക്കുകയും അജണ്ടകൾ ചർച്ചചെയ്യാനാവില്ല എന്ന ധിക്കാരനിലപാടാണ് ഭരണപക്ഷം അനുവർത്തിക്കുന്നത്.
ഇത് അംഗീകരിക്കാനാവാത്തതാണ്. ഓരോ അജണ്ടകളും വായിച്ച് ചർച്ച ചെയ്യാതെ പാസാക്കാൻ ആവില്ല എന്ന് ഇരിക്കെ ഇന്നലെ ചേർന്ന കൗൺസിലിൽ എല്ലാം പാസായതായി ചെയർപേഴ്സൺ അറിയിച്ച് കൗൺസിൽനിന്ന് ഒളിച്ചോടി ഇത് ജനാധിപത്യവിരുദ്ധമാണ്.
നിയമാനുസരണം കൗൺസിൽ നടത്താൻ ഉത്തരവാദിത്തപ്പെട്ട നഗരസഭാ സെക്രട്ടറി അതിനാവശ്യമായ നിയമപദേശങ്ങൾ നൽകി കൗൺസിൽ നടപടികൾ നിയമാനുസരണം പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന് എൽഡിഎഫ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് തയാറാവാതെ വന്നൽ വരും ദിവസങ്ങളിൽ കൗൺസിലിന് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ വി.ജി. വിഷ്ണു പറഞ്ഞു
Tags : Nattuvishesham Districte News