കർഷകദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം എടൂരിൽ മന്ത്രി സണ്ണി ജോസഫ് നിലവിളക്ക് കൊളുത്തി നിർവഹിക്കുന്നു.
ഇരിട്ടി: വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ച് മണ്ണിൽ പണിയെടുക്കുന്ന കർഷകരെ ചേർത്തുപിടിക്കുകയും അവരെ സമൂഹത്തിന് മാതൃകയാക്കുകയും വേണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ആറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് എടൂരിൽ സംഘടിപ്പിച്ച കർഷകദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച തുടങ്ങിയവ കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധികളാണ്. ഇത്തരം പ്രതിസന്ധികളിൽനിന്ന് കർഷകരെ കൈപിടിച്ചുയർത്തുന്നതിനുള്ള കർമപദ്ധതികൾക്കാണ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം 25 ശതമാനമായി ഉയർത്തിയത് ഇതിന്റെ തുടക്കമാണ്. വന്യമൃഗശല്യം സൃഷ്ടിക്കുന്ന ദുരിതം നേരിട്ട് മനസിലാക്കുന്നതിനാണ് മന്ത്രിതല സംഘം ആറളം ഫാം സന്ദർശിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാവർക്കും സർക്കാർ ജോലി ലഭ്യമാകണമെന്നില്ല. അതിനാൽ കാർഷിക മേഖലയെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തി സ്വയംപര്യാപ്തമായ ജീവിതരീതി വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ അധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ടി. സന്ധ്യ, ഡെപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ റഹിയാനത്ത് സുബി, രജിത മാവില, ജോർജ് ആലാംപള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. വേലായുധൻ, ഷിജി നടുപ്പറമ്പിൽ, കൃഷി അസിസ്റ്റന്റ് എസ്.ആർ. സൂരജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കർഷകോത്തമ അവാർഡ് ജേതാവ് പി.വി. അനീഷ് ക്ലാസെടുത്തു.
ജില്ലയിലെ മികച്ച വനിതാ കർഷകയായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. സിമിയെയും മികച്ച കർഷകരായ നാരായണൻ കുറിഞ്ഞേരി, ഇ.ടി. ജോസഫ്, ജെസി റെജി ഉമ്മിക്കുഴിയിൽ, അനീഷ് ജോസഫ്, രാധാമണി പുതുകുളങ്ങര, സി.സി. കേളു, പി.ടി. മൈക്കിൾ പൊടിമറ്റത്തിൽ, റജീന തൊടിയിൽ, സി.ജെ. സ്കറിയ, ജോസഫ് വലിയപറമ്പിൽ, സരോജിനി ബാബു, അഡോൺ ബിജു എന്നിവരെയും ഒരുമ ജിഎൽജി ഗ്രൂപ്പ് വെള്ളരിവയൽ, ഗ്രീൻസ് കൃഷിക്കൂട്ടം പൂതക്കുണ്ട് എന്നിവരെയും അനുമോദിച്ചു.
Tags : Local News Nattuvishesham Minister Sunny Joseph