അമ്പലത്തറ: സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. അമ്പലത്തറ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ക്യു മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റിലാണ് പുലര്‍ച്ചെയോടെ കവര്‍ച്ച നടന്നത്. ഇതിനു സമീപത്തെ എക്സ്പ്രസ് സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ചയ്ക്ക് ശ്രമം നടന്നതായി റിപ്പോര്‍ട്ടുണ്ട്. കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം സ്വദേശികളായ മുഹമ്മദ് അറഫാത്ത് (18), ജുനൈദ് (18), പതിനേഴുകാരന് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ക്യു മാര്‍ട്ടില്‍ കവര്‍ച്ച നടന്നത്. എക്സ്പ്രസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണശ്രമം നടത്തിയ സംഘം പിന്നീട് ക്യു മാര്‍ട്ടിലെ മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്താണ് അകത്തുകടന്നതെന്നാണ് പോലീസ് പറയുന്നത്. കടയില്‍നിന്ന് 56,000 രൂപയും സാധനങ്ങളും കവര്‍ന്നതായി പോലീസ് അറിയിച്ചു.
സമീപത്തെ ബില്‍ഡിംഗില്‍ താമസിക്കുന്ന ബാര്‍ബര്‍ ഷോപ്പുടമയുടെ സഹായത്തോടെ പ്രതികളില്‍ ഒരാളെ സ്ഥലത്തുവച്ച് പിടികൂടി. രക്ഷപ്പെട്ട രണ്ടുപേരെ മൂന്നാംമൈലില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലത്തറ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്യു മാര്‍ട്ടിലെ സിസിടിവി കാമറ തകര്‍ത്ത നിലയിലായിരുന്നുവെന്നും സംഭവത്തില്‍ കവര്‍ച്ച കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ. ജയരാജ്, എഎസ്ഐ ബിജു കീലേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സതീശന് പള്ളിക്കര എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : nattu vishesham Three arrested supermarket robbery