ജനപ്രതിനിധികൾ ആരോഗ്യമന്ത്രി കെ. മുരളിധരന് നിവേദനം നൽകിയപ്പോൾ.
പുൽപ്പള്ളി: പനമരം, പുൽപ്പള്ളി, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളെ (സിഎച്ച്സി) താലൂക്ക് ആശുപത്രികളായി ഉയർത്തണമെന്ന പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉറപ്പ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനങ്ങളും ആവശ്യങ്ങളും അടങ്ങിയ നിവേദനം മന്ത്രിക്ക് സമർപ്പിച്ചതിനെ തുടർന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുൽപ്പള്ളി ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട ആവശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് മികച്ചതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങൾ സ്വന്തം നാട്ടിൽത്തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഈ പ്രമേയം പാസാക്കിയത്.
സിഎച്ച്സികൾ താലൂക്ക് ആശുപത്രികളായി ഉയർത്തപ്പെടുന്നതോടെ കൂടുതൽ ഡോക്ടർമാരുടെ സേവനവും മെച്ചപ്പെട്ട കിടത്തിച്ചികിത്സാ സൗകര്യങ്ങളും ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ലഭ്യമാകും. മലയോര മേഖലയിലെ ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ ആവശ്യങ്ങളോട് അനുകൂലമായ നിലപാടാണ് സർക്കാരിന്റേതെന്ന് മന്ത്രി വ്യക്തമാക്കി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് റസീന സുബൈർ, എം.സി. സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വർഗീസ് മുരിയൻകാവിൽ, സി.എച്ച്. ഫസൽ, സന്ധ്യ ലിഷു എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
Tags : Local News Nattuvishesham Wayanad